രാഹുല്‍ ഇഫക്ട്: സിപി.എം നവവോട്ടര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി, സംസ്ഥാനത്ത് പഴുതടച്ചുള്ള പ്രവർതത്തനം...
കണ്ണൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ യഥാര്‍ത്ഥ സ്ഥിതി അറിയുന്നതിനായി സിപിഎം കണക്കെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളില്‍ നിന്നും ബൂത്തുതലത്തിലുള്ള കണക്ക് മേല്‍ഘടകങ്ങള്‍ക്കു നല്‍കണമെന്നും അതു സംസ്ഥാന കമ്മിറ്റിക്ക് ഉടന്‍ കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉറച്ച വോട്ടുകള്‍, ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ആകര്‍ഷിക്കാവുന്ന വോട്ടുകള്‍ പുതിയ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍ എന്നിവയുടെ കണക്കെടുപ്പാണ് നടത്തുന്നത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിക്കാവുന്ന ഉറച്ച വോട്ടുകള്‍ കണ്ടെത്താനും അതാതു മണ്ഡലം കമ്മിറ്റികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനുമായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമാക്കാനാണ് നിര്‍ദേശം. ഉറച്ച വോട്ടുകളുടെ ആദ്യ പട്ടിക ഈയാഴ്ച തന്നെ സമര്‍പ്പിക്കാനാണ് ബൂത്തു കമ്മിറ്റികളോടു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമ പട്ടിക തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഏപ്രില്‍ പകുതിയോടെ നല്‍കണം. മുന്‍കാലങ്ങളില്‍ സംഭവിച്ച പിഴവുകള്‍ ഇത്തവണ ആവര്‍ത്തിക്കരുതെന്ന നിര്‍ദേശവുമുണ്ട്.

പാര്‍ട്ടി കീഴ്ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയിക്കുമെന്ന് കണക്കുകൂട്ടിയ മണ്ഡലങ്ങളില്‍ വലിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ചരിത്രവുമുണ്ട്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലെ സ്ഥിതി ഇതായിരുന്നെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കീഴ്ഘടകങ്ങള്‍ നല്‍കിയ കണക്ക് കൃത്യമായിരുന്നു. നേരത്തെ കണക്കുകൂട്ടിയ അതേ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചു. മുന്‍കാലങ്ങളില്‍ പാര്‍ട്ടിയെ അലട്ടിയിരുന്ന വിഭാഗീയത ഇപ്പോഴില്ല. ചില പ്രാദേശിക പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ടെങ്കിലും അതു വോട്ടിങിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
ശബരിമല വിഷയം പാര്‍ട്ടി വോട്ടുകളില്‍ ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാക്കുമെന്നും നേതൃത്വം കരുതുന്നില്ല. എങ്കിലും പാര്‍ട്ടി കുടുംബങ്ങളില്‍നിന്നു വോട്ടുചോരാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണം. ഇതിനായി അടവുനയങ്ങളും തന്ത്രങ്ങളും ആവിഷ്‌ക്കരിക്കാനാണ് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ച് ഉറച്ചവോട്ടുകളുടെ കണക്കെടുക്കുന്നത്. ന്യൂനപക്ഷവോട്ടുകള്‍, പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണ, നവവോട്ടര്‍മാര്‍ എന്നിങ്ങനെ തരംതിരിച്ചാണ് വിവരശേഖരണം.
സിപിഎമ്മിനെ കൂടാതെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പോഷക സംഘടനകളുടെ അംഗത്വം എന്നിവ കൂട്ടുമ്പോള്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കാനാവശ്യമായ പിന്തുണയിലേറെ വോട്ട് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇതു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിക്കാറില്ല. ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം നിലനിര്‍ത്തുകയെന്നത് പാര്‍ട്ടിക്കു മുന്‍പിലുള്ള വലിയ വെല്ലുവിളിയാണ്.
കൂനിന്‍മേല്‍ കുരുവെന്ന പോലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നവവോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന ആശങ്കയുമുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കണമെന്ന ആഹ്വാനമുണ്ട്. ഇതിനായി പാര്‍ട്ടിയുടെ സൈബര്‍ വിങുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. അമിതമായ ആത്മവിശ്വാസം പാര്‍ട്ടി പ്രവര്‍ത്തകര്‍ വെച്ചു പുലര്‍ത്തരുതെന്നും ഒരിടത്തും എതിരാളികളെ നിസാരമായി കാണരുതെന്നും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളാണ് ഓരോമണ്ഡലത്തിലെയും വിവരങ്ങള്‍ ശേഖരിക്കുന്നത്.












Click it and Unblock the Notifications