തളിപ്പറമ്പില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു; സിപിഐയും കുടുംബസംഗമം നടത്തും
തളിപറമ്പ്: എല്‍.ഡി. എഫ് കുടുംബസംഗമം സി.പി. എം പാര്‍ട്ടി പരിപാടിയാക്കിയെന്നാരോപിച്ചു സി.പി. ഐ പ്രഖ്യാപിച്ച ബദല്‍ കുടുംബസംഗമം ഒക്‌ടോബര്‍ പതിനെട്ടിന് കീഴാറ്റൂരിലെ മാന്ദംകുണ്ടില്‍ നടക്കും. ഈക്കഴിഞ്ഞ പത്തിന് കീഴാറ്റൂരില്‍ നടത്തിയ എല്‍.ഡി. എഫ് കുടുംബസംഗമം പാര്‍ട്ടി പരിപാടിയാക്കിയെന്നാരോപിച്ച് സി. പി. ഐ പരിപാടി ബഹിഷ്‌കരിക്കുകയും ബദല്‍ കുടുംബസംഗമം പ്രഖ്യാപിക്കുകയായിരുന്നു. കീഴാറ്റൂരിലെ എല്‍.ഡി. എഫ് സംഗമത്തില്‍ സി.പി. ഐയെ ഉള്‍പ്പെടുത്താത്തതും പ്രചാരണ ബോര്‍ഡുപോലും സി.പി. എം പരിപാടി പോലെ തയ്യാറാക്കിയതുമാണ് സി.പി. ഐയെപ്രകോപിപ്പിച്ചത്.
ഒക്‌ടോബര്‍ പതിനെട്ടിന് വൈകുന്നേരം അഞ്ചുമണിക്കാണ് മാന്ദംകുണ്ട്‌ചെഗുവേര കലാസമിതിക്കു സമീപമാണ് ബദല്‍ കുടുംബസംഗമം നടത്തുന്നത്. സി.പി. ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി.മുരളിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി. ഷൈജന്‍, തളിപറമ്പ് മണ്ഡലം സെക്രട്ടറി പി.കെ മുജീബ്‌റഹ്മാന്‍, ജില്ലാകൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, ലോക്കല്‍ സെക്രാറി എം. രഘുനാഥന്‍, സി.ലക്ഷ്മണന്‍, പി.വി ബാബു എന്നിവര്‍ പ്രസംഗിക്കും.

എല്‍.ഡി. എഫ് മുന്നണി സംവിധാനത്തിനകത്ത് സി.പി. ഐ നടത്തുന്ന ബദല്‍ കുടുംബസംഗമം ഇതിനകം ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. ബദല്‍ സംഗമം ഇടതു മുന്നണിക്കെതിരെല്ലെന്നും എന്നാല്‍ മുന്നണിയില്‍ ഘടകക്ഷികളെ അവഗണിച്ചു സി.പി. എം നടത്തുന്ന അപ്രമാദിത്വത്തിനെതിരെയുളള പ്രതിഷേധമാണെന്നും ഈക്കാര്യത്തില്‍ സി.പി. ഐയിലെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു. കീഴാറ്റൂരിലെ കുടുംബസംഗമം സി.പി. ഐ ബഹിഷ്‌കരിച്ചു ബദല്‍ കുടുംബസംഗമം പ്രഖ്യാപിച്ചപ്പോള്‍ അത്തരമൊരു സംഗമം നടത്തുന്നതിന് സി.പി. ഐയ്ക്കു അവകാശമുണ്ടെന്നായിരുന്നു സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്‍.ഡി. എഫ് കുടുംബസംഗമം സി.പി. എം തീരുമാനിച്ചതല്ല. എല്ലാവരുമായി ചര്‍ച്ച ചെയ്തു തീരുമാനിച്ചതാണെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇനി പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ ഈക്കാര്യം തിരുത്തുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറെക്കാലമായി കീഴാറ്റൂരില്‍ സി.പി. എം, സി.പി. ഐ പ്രവര്‍ത്തകര്‍ തമ്മില്‍ അസ്യാരസ്വത്തിലാണ്. സി.പി. ഐ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും കാല്‍നടപ്രചരണജാഥ തടയുകയും ചെയ്തിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കുടുംബസംഗമത്തിനെ ചൊല്ലി ഇരുവിഭാഗവും ചേരിപ്പോരു നടക്കുന്നത്.












Click it and Unblock the Notifications