കണ്ണൂരിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ; എംഎം ഹസൻ
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളായ ആകാശ് തില്ലങ്കേരിയും കൊടി സുനിയുമാണ് കണ്ണൂരിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ആരോപിച്ചു. കണ്ണൂർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ ക്വട്ടേഷൻ സംഘങ്ങളില്ലാതെ സിപിഎമ്മിന് ഒരു കാര്യവും നടക്കാത്ത സ്ഥിതിയാണുള്ളത്. ജയരാജൻമാരല്ല കണ്ണൂരിലെ പാർട്ടിയെനിയന്ത്രിക്കുന്നത്. ആകാശ് തില്ലങ്കേരി, കൊടി സുനി ഉൾപ്പെട്ട സംഘമാണ് പാർട്ടിയെ ഭരിക്കുന്നത്. ഈ സംഘം കണ്ണൂരിൻ്റെ സമാധാന ജീവിതം തകർക്കുകയാണ്.
തസ്‌കര സംഘങ്ങളുടെ താവളമായി കണ്ണൂരിനെ മാറ്റുകയാണ് ചെയ്യുന്നത്. കണ്ണൂരിലെ പാർട്ടിയുടെ നയംസംസ്ഥാനത്ത് മറ്റിടങ്ങളിലും നടപ്പിലാക്കുന്ന രീതിയാണ് പത്തനം തിട്ടയിൽ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും ഇതിനെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ പിതൃത്വം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുകയാണെന്നും ഹസൻ ആരോപിച്ചു.

പദ്ധതിക്കെതിരായി ആരോപണം ഉന്നയിച്ചത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. ഇതിനെയെല്ലാം മറികടന്നാണ് പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടക്കം കുറിച്ചത്. ട്രയൽ റണ്ണിൻ്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ മാറ്റി നിർത്തിയത് പ്രതിഷേധാർഹമാണ്. പി.എസ്.സി അംഗത്വത്തിന് കോഴ വാങ്ങിയ സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുക്കാത്തത് ആശ്ചര്യകരമാണ്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര് പറഞ്ഞാണ് ഏരിയാ കമ്മിറ്റിയംഗം പണം കൈപ്പറ്റിയത്.
ഈ സംഭവത്തിൽ കേസെടുക്കാതെ ഒത്തു തീർപ്പാക്കിയത് ദുരൂഹത നിറഞ്ഞതാണ്. പാർട്ടിയിലെ വിഭാഗീയതയാണ് അഴിമതി പുറത്തു കൊണ്ടുവരാൻ ഇടയാക്കിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ ഒരു കേസുമെടുക്കാൻ പൊലിസ് തയ്യാറാകുന്നില്ലെന്നും ഹസൻ പറഞ്ഞു. കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്, ബിജു ഉമ്മർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications