'കഴിഞ്ഞ 15 മാസത്തിനിടെ 11 സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്', 24 വാർത്തയ്ക്ക് എതിരെ എംവി ജയരാജൻ
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 24 ന്യൂസിന്റെ വാർത്തയ്ക്ക് എതിരെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. "ആരും കത്തി താഴെ വെയ്ക്കാൻ തയ്യാറാകുന്നില്ല" എന്ന തലക്കെട്ടിലുളള റിപ്പോർട്ടിനെതിരെയാണ് എംവി ജയരാജൻ രംഗത്ത് വന്നിരിക്കുന്നത്. സിപിഎം പ്രവർത്തകർ ഏകപക്ഷീയമായി കൊല്ലപ്പെടുമ്പോൾ ആരും കത്തി താഴെ വെയ്ക്കുന്നില്ല എന്ന് പൊതുവത്ക്കരിക്കുകയാണ് ചാനൽ ചെയ്യുന്നത് എന്ന് സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
അസത്യം വാർത്തയാകുമ്പോൾ സത്യം പുറത്തു വരിക തന്നെ ചെയ്യും എന്ന തലക്കെട്ടിലാണ് എംവി ജയരാജൻ ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം: '' തലശ്ശേരി പുന്നോലിൽ സി.പി.ഐ.എം പ്രവർത്തകനായ സ. ഹരിദാസിനെ അതിനിഷ്ഠൂരമായി ഇന്ന് ആർ.എസ് എസ് - ബി. ജെ. പി ഫാസിസ്റ്റ് സംഘം കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ, "ആരും കത്തി താഴെ വെയ്ക്കാൻ തയ്യാറാകുന്നില്ല" എന്ന തലക്കെട്ടോടെ 24 ന്യൂസ് ചെയ്ത പ്രത്യേക സ്റ്റോറികണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചാണ് ആ പ്രത്യേക സ്റ്റോറി.

സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട സ. സന്ദീപിനെ ആരാണ് കൊലചെയ്തതെന്ന് പറയാൻ പോലും 24 ന്യൂസിന് / 24 ന്റെ റിപ്പോർട്ടർക്ക് എന്തോ ഒരു മടിയുള്ളതുപോലെ...! സി.പി. ഐ.എം ഈ ഘട്ടത്തിൽ ഏകപക്ഷീയമായി കൊല്ലപ്പെടുകയായിരുന്നു എന്നിരിക്കെ, ആരെ തെറ്റിദ്ധരിപ്പിക്കാനാണ് "ആരും കത്തി താഴെ വെയ്ക്കുന്നില്ല" എന്ന് പൊതുവത്ക്കരിച്ച് 24 സ്പെഷ്യൽ സ്റ്റോറി ചെയ്തത്...? വീട്ടു മുറ്റത്തിനപ്പുറത്തുള്ളത് മാധ്യമങ്ങൾ പറഞ്ഞറിയണം എന്ന കാലമൊക്കെ ഈ സോഷ്യൽ മീഡിയ യുഗത്തിൽ മാറിയിരിക്കുന്നു എന്ന തിരിച്ചറിവെങ്കിലും ആ സ്റ്റോറിയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഉണ്ടാവണമായിരുന്നു.
ചുരുങ്ങിയപക്ഷം, അതിനിഷ്ഠൂരമായ ഇന്നത്തെ കൊലപാതകത്തെ തള്ളിപ്പറയാനെങ്കിലും ഈ സ്പെഷ്യൽ സ്റ്റോറിക്കാർക്ക് ആർജവം ഉണ്ടാവണമായിരുന്നു. ആരെയോ ഭയന്നെന്നോണം അല്ലെങ്കിൽ ആർക്കൊക്കെയോ വേണ്ടിയെന്നോണം കൊലപാതകത്തെ ജനറലൈസ് ചെയ്തുള്ള തലക്കെട്ട് നൽകി, എല്ലാം ആഭ്യന്തരക്കുഴപ്പം എന്ന് കൊലയാളികളെ വെള്ളപൂശുന്ന ആ 'വിശുദ്ധമനസ്സി'ന്റെ ഉടമയോട് നമോവാകം പറയാനേ പറ്റൂ. ഇനിയെങ്കിലും എല്ലാ കൊലപാതകങ്ങളെയും ഒരേപോലെ അപലപിക്കാൻ ഈ മാധ്യമങ്ങൾ തയ്യാറാവുമോ..? കഴിഞ്ഞ 15 മാസത്തിനിടെ 11 സി. പി. ഐ. എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവിൽ സി. പി. ഐ.എമ്മുകാരാൽ കൊല്ലപ്പെട്ട ഒരാളുടെ പേര് പറയാൻ കഴിയുമോ 24 ന്.
ഒന്നിനുപുറകെ ഒന്നായി സഖാക്കളെ നഷ്ടമാവുമ്പോഴും സമാധാനം തകരരുതെന്ന് കരുതി ഭൂമിയോളം ക്ഷമിക്കുകയാണ് സി. പി. ഐ. എം ചെയ്തത്. അത് കാണാൻ കണ്ണുണ്ടാവുകയും, കൊലപാതകങ്ങൾ നടത്തിയവരെ തള്ളിപ്പറയാൻ സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നതിന് പകരം, കൊലചെയ്തവർക്ക് ആശ്വാസം പകരും വിധം പൊതുവത്ക്കരിക്കുന്ന ഏർപ്പാട് സംഭവിച്ചുപോയതാണെങ്കിൽ 24 ന്യൂസ് തിരുത്തണം എന്നേ പറയാനുള്ളൂ.












Click it and Unblock the Notifications