വൈരുധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞ സംഭവം: എംവി ഗോവിന്ദനോട് സിപിഎം വിശദീകരണം തേടിയേക്കും
കണ്ണുർ: മാർക്സിസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമാക്കാന്‍ കഴിയില്ലെന്ന സി പി എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ പ്രസംഗം വിവാദമാകുന്നു. സിപിഎം പാർട്ടി കോൺഗ്രസുകൾ അംഗീകരിച്ച പാർട്ടി നയപരിപാടികളിൽ നിന്നും വ്യതിചലിച്ചു കൊണ്ട് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം തന്നെ രംഗത്തെത്തിയത് സി.പി.എമ്മിൽ അനതി സാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നു.
വർഗീയ പാർട്ടിയെന്ന് സിപിഎം വിലയിരുത്തിയ മുസ് ലിം ലീഗുമായി കൂട്ടുകുടാമെന്ന ആശയം ഉയർത്തിപ്പിടിച്ച് ബദൽ രേഖ അവതരിപ്പിച്ചതിനാണ് എൺപതുകളിൽ എം വി രാഘവനും കൂട്ടരും സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടത്. ഏതാണ്ട് അതിനു സമാനമായ കാര്യം തന്നെയാണ് കേരളത്തിലെ സൈദ്ധാന്തികനായ എം.വി ഗോവിന്ദനും ഇപ്പോൾ ചെയ്തിരിക്കുന്നത്. പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിനെ തള്ളിപ്പറഞ്ഞതിന് കേന്ദ്ര കമ്മിറ്റി എം.വി.ഗോവിന്ദനോട് വിശദീകരണം തേടുമെന്നാണ് സൂചന. എം വി ഗോവിന്ദന്റെ വിവാദ പരാമർശങ്ങൾ കേന്ദ്ര കമ്മിറ്റിക്കു മുൻപിൽ പരാതിയായി എത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ സിപിഎം നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

കെ എസ് ടി എയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് ഗോവിന്ദൻ വിവാദ പ്രസംഗം നടത്തിയത്. ജന്മിത്വത്തിന്റെ പിടിയില്‍നിന്നുപോലും ഇന്ത്യന്‍ സമൂഹം മോചിതമായിട്ടില്ല. മാത്രമല്ല, ഇന്ത്യയില്‍ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവോ മുസ്ലിമോ പാഴ്‌സിയോ സിഖോ ഒക്കെ ആയാണ്. ഇത്തരമൊരു സമൂഹത്തില്‍ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമാക്കാന്‍ കഴിയില്ല.
1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് രൂപം കൊണ്ട ബൂര്‍ഷ്വ ജനാധിപത്യത്തിലേക്കു പോലും ഇന്ത്യന്‍ സമൂഹം വളര്‍ന്നിട്ടില്ല. ഭൂപ്രഭുത്വം അവസാനിക്കുകയോ ജനാധിപത്യ വിപ്ലവം നടക്കുകയോ ചെയ്യാത്ത രാജ്യമാണ് ഇന്ത്യ. വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാനാവില്ല. ബൂര്‍ഷ്വാ ജനാധിപത്യത്തിനു പോലും വിലയില്ലാത്തതിനാലാണ് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ മുന്നില്‍ നിര്‍ത്തി ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല.
അതിനാല്‍ വിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ജനാധിപത്യ ഉള്ളടക്കത്തില്‍ നിന്നേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും എം വി ഗോവിന്ദന്‍ പറയുകയുണ്ടായി. ഈ പ്രസംഗം മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് വിവാദമായത്. എന്നാൽ സി.പി.എം പൊളിറ്റ് ബ്യുറോ ഈ വിഷയത്തിൽ ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല.












Click it and Unblock the Notifications