കുട്ടികളുടെ മുന്‍പില്‍ വെച്ച് സ്‌കൂള്‍ വാഹന ഡ്രൈവറെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു
കണ്ണൂര്‍: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിലെ ദാരുണ സംഭവങ്ങളിലൊന്നായ കാവുംഭാഗം സുധീര്‍ ബാബു വധ കേസിലെ പ്രതികളെ വെറുതെ വിട്ടു. സിപിഎം പ്രവര്‍ത്തകനായ സ്‌കൂള്‍ ടാക്‌സി ഡ്രൈവറെ കുട്ടികളുമായി പോകവേ വഴിയില്‍ തടഞ്ഞിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചത്. കേസില്‍ വാദിഭാഗത്തിനായി ഹാജരായ പ്രോസിക്യൂഷന് തെളിവുകള്‍ സഹിതം പ്രതികള്‍ കുറ്റക്കാരാണെന്ന് സ്ഥാപിക്കാനായില്ലെന്ന് കോടതി വിലയിരുത്തി.

കണ്ണൂര്‍ തളാപ്പ് ചിന്‍മയാ മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വരുന്ന കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മുഹമ്മദ് റയീസ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചത്. 15 വര്‍ഷം പിന്നിടുന്ന കൊലപാതക കേസ് കൂടിയാണിത്. 2007 നവംബര്‍ അഞ്ചിന് വൈകീട്ട് തലശ്ശേരി കാവുംഭാഗത്തെ പോതിയോട് റോഡില്‍ വെച്ച് ചിന്മയ സ്‌കൂളിലെ പത്ത് വിദ്യാര്‍ത്ഥികളുമായി വരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍ കാവുംഭാഗത്തെ എംകെ.സുധീര്‍ കുമാറിനെ (42) വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
അക്രമത്തില്‍ സുധീര്‍ ബാബുവിന്റെ ഇടത് കൈപത്തി അറ്റ് തെറിച്ചു പോവുകയും ചെയ്തിരുന്നു. ബിജെപി.പ്രവര്‍ത്തകരായ കാവുംഭാഗത്തെ ദേവി സദനത്തില്‍ ഒവി നിഥിന്‍ മോഹന്‍ (40) ചെറുമഠത്തില്‍ ഷാജു (32) പീടികയില്‍ കണ്ടിഎന്‍.പി.ജിതേഷ് കുമാര്‍ (39) മീത്തലെ കയനോത്ത് യുവി ദീപ്‌തേഷ് (31) പിഎം ഷിജില്‍ (34) പെരീക്കര വീട്ടില്‍ വിനേഷ് (31) എന്നിവരാണ് കേസിലെ പ്രതികള്‍. അന്നത്തെ തലശ്ശേരി അഡീഷണല്‍ എസ്.ഐ.ആയിരുന്ന സി.എച്ച്.രാമകൃഷ്ണന്റെ പരാതിയിലാണ് കേസിന്റെ പ്രഥമ വിവരം രേഖപ്പെടുത്തിയത്.സംഘര്‍ഷാവസ്ഥ രൂക്ഷമായതിനാല്‍ പോലീസ് പെട്രോളിംഗ് നടത്തവെയാണ് സംഭവം കണ്ടെത്തിയതും.
തലശേരിയില്‍ സിപിഎം-ആര്‍.എസ്.എസ് കൊലപാതക പരമ്പരയില്‍ ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നാണ് സുധീര്‍ ബാബുവിന്റെത്. സിപിഎം പ്രവര്‍ത്തകന്‍ മാത്രമായ സുധീര്‍ ബാബുവിനെ എണ്ണം തികയ്കാനായി കൊലപ്പെടുത്തിയതാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിനു ശേഷം കുട്ടികളുടെ സമീപത്തു നിന്നും നടന്ന കൊലപാതകമായിരുന്നു സുധീര്‍ ബാബുവിന്റെത്. പ്രകടമായ രാഷ്ട്രീപ്രവര്‍ത്തനമില്ലാത്ത സുധീര്‍ ബാബു തലശേരി താലൂക്കില്‍ സ്ഥിരമായി നടന്നിരുന്ന ആര്‍എസ്എസ് -സിപിഎം അക്രമരാഷ്ടീയ പരമ്പരയിലെ ഇരകളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications