കൈയ്യും വെട്ടും കാലും വെട്ടും; കൊലവിളി പ്രകടനവുമായി സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഭീഷണി
കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം. കണ്ണൂര്‍ മയ്യിലിനടുത്താണ് സംഭവം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ടെന്നും ഇനിയും മടിക്കില്ലെന്നും പ്രകടനക്കാര്‍ വിളിച്ചുപറയുന്ന വീഡിയോ ദൃശ്യം പുറത്തായിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പച്ച പുതച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തില്‍ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനം എടുക്കുമെന്ന് അവര്‍ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ മയ്യിലില്‍ മുസ്ലിം ലീഗ് സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ ദിവസം തന്നെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും ഏഴ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തു. അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ റിമാന്റ് ചെയ്തു. മയ്യില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാരെ മര്‍ദ്ദിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ജയില്‍ മോചിതരായ വേളയില്‍ സിപിഎം നടത്തിയ സ്വീകരണ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം.
ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കം
ഇങ്ങനെ ഒരു സംഭവം അറിഞ്ഞില്ലെന്നാണ്സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. കൊലവിളി തങ്ങളുടെ നിലപാടല്ല. പ്രാദേശിക വിഷയമാണിത്. ജയില്‍ മോചിതരായവര്‍ക്ക് സ്വീകരണം നല്‍കിയത് പ്രാദേശിക തലത്തിലാണ്. പ്രവര്‍ത്തകരോട് വിശദീകരണം ആവശ്യപ്പെടുമെന്നും മയ്യില്‍ ഏരിയ സെക്രട്ടറി പ്രതികരിച്ചു. അനാവശ്യമായി പ്രശ്നമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.