സുധാകരനെതിരെ രൂക്ഷ വിമർശനം: സി രഘുനാഥ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു
കണ്ണൂർ: കണ്ണൂരിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ അതീവ വിശ്വസ്തരിലൊരാളായ ഡിസിസി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് കോണ്‍ഗ്രസ് പാർട്ടിവിട്ടു. അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധമാണ് അദ്ദേഹം ഉപേക്ഷിച്ചതായി കണ്ണുരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന് വേട്ടക്കാരന്റെ മനസാണെന്നു കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സി.രഘുനാഥ് ആരോപിച്ചു. പരോക്ഷമായി കെ.സുധാകരനെതിരെ വിമർശനമുന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ല. ധര്‍മടത്ത് ഗതിക്കെട്ട് തനിക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകേണ്ടി വന്നു. കെ സുധാകരന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിച്ചത്. കണ്ണൂര്‍ ഡി സി സിക്ക് പക്വതയും വകതിരിവുമില്ല. ഡിസിസി യോഗത്തില്‍ എങ്കടുക്കാന്‍ എത്തിയപ്പോള്‍ കയ്യേറ്റ ശ്രമം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റാകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ സുധാകരന് കഴിഞ്ഞില്ല.സുധാകരന്‍ വന്നതിന് ശേഷം കോണ്‍ഗ്രസ്സില്‍ അഞ്ച് ഗ്രൂപ്പായെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ഡി.എൻ.എ എല്ലാ അർത്ഥത്തിലും മാറി. എന്നാൽ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും സി രഘുനാഥ് പറഞ്ഞു. ഭാവികാര്യങ്ങൾ പിന്നീട് ആലോചിച്ചു തീരുമാനിക്കും കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാർട്ടി വിടുന്ന കാര്യം അറിയിച്ചത്. എന്നാൽ ഇതേ കുറിച്ചു കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. നീണ്ട അൻപതു വർഷത്തെ കോൺഗ്രസ് രാഷ്ട്രീയ ജീവിതമാണ് സി രഘുനാഥ് ഡിസംബർ ഒൻപതിന് അവസാനിപ്പിച്ചിരിക്കുന്നത്. ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. ഇതിനിടെ പാർട്ടിയിൽ നിന്നും നടപടി നേരിട്ട മുൻ കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.കെ രാഗേഷുമായി ചേർന്ന് കണ്ണുരിലെ ഒരു ഹോട്ടലിൽ നടന്ന സമാന്തര യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
എന്നാൽ സി.രഘുനാഥ് നേരത്തെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് നേരത്തെ പാർട്ടിക്ക് നൽകിയതാണെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന അനൗദ്യോഗിക വിശദീകരണം. തോട്ടട എസ്.എൻ കോളേജിൽ നിന്നും കെ.എസ്.യു പ്രവർത്തകനായി തുടങ്ങിയ സി.രഘുനാഥ് കെ.എസ്.യു സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ച നേതാക്കളിലൊരാളാണ്. എന്നാൽ പാർട്ടിയിൽ തനിക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആരോപണം ഉന്നയിച്ചാണ് സിരഘുനാഥ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്.












Click it and Unblock the Notifications