കറവ പശുക്കളെ വിഷബാധയേറ്റു ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം;അന്വേഷണം ഊര്‍ജ്ജിതമാക്കി
ഇരിട്ടി:കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗമായ കറവ പശുക്കളെ റബ്ബര്‍ എസ്റ്റേറ്റില്‍ വിഷബാധയേറ്റു ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കീഴ്പ്പള്ളി വിയറ്റ്നാമിലെ നാണത്ത് അസീസ് - റംലത്ത് ദമ്പതികളുടെ രണ്ടുകറവ പശുക്കളെയാണ് വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ടാണ് രണ്ടര വയസ്സും മൂന്ന് വയസ്സും പ്രായമുള്ള പശുക്കളെ വായില്‍ നിന്നും നുരയും പതയും വരുന്ന നിലയില്‍ 30 ഏക്കറോളം വരുന്ന റബര്‍ തോട്ടത്തില്‍ ചത്തു കിടക്കുന്നതായി കണ്ടെത്തുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് പശുക്കള്‍ ചത്തതെന്നാണ് പോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ടില്‍ പറയുന്നത്.

പത്തുമീറ്ററോളം അകലത്തിലായിരുന്നു പശുക്കള്‍ ചത്തുകിടന്നിരുന്നത്. അസീസിന്റെ പരാതിയിലാണ് ആറളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അസീസിന്റെ കുടുബത്തിന്റ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു കറവപ്പശുക്കള്‍. ഇവ ചത്തതോടെ ഇവരുടെ വരുമാനമാര്‍ഗ്ഗം തന്നെ ഇല്ലാതായി.
ആറളം എസ് ഐ സനീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ എടൂര്‍ വെറ്റിനറി ഡോക്ടര്‍ വിന്‍സിയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി .
സംഭവമറിഞ്ഞ് ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, ക്ഷീര സംഘം ഭാരവാഹികളും സ്ഥലത്തെത്തി. പശുക്കള്‍ ചാകാന്‍ ഇടയായ സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം ഇവര്‍ പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പശുക്കളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ലഭിച്ചാലുടന്‍ കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നാണ് ആറളം പൊലിസ് ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
പശുക്കള്‍ ചത്തത് ദുരൂഹസാഹചര്യത്തിലാണെന്നും മേയാന്‍ വിട്ട പശുക്കള്‍ക്ക് വിഷംകൊടുത്തതാണെന്നുമുളള ഉടമസ്ഥന്റെ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.വീടിനടുത്തുളള റബര്‍ പ്‌ളാന്റിലേക്ക് പശുക്കളെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ടു ഉടമയും ഇവരും തര്‍ക്കമുണ്ടായിട്ടുണ്ടെന്ന ആരോപണത്തിനെ അടിസ്ഥാനമാക്കിയാണ് പൊലിസ് പ്രാഥമിക അന്വേഷണം നടത്തിവരുന്നത്. എന്നാല്‍ ജീവഹാനിയുണ്ടാക്കുന്ന വിധത്തിലുളള വിഷം എങ്ങനെ ഉളളില്‍ ചെന്നുവെന്ന കാര്യത്തെ കുറിച്ചു ഇതുവരെ വ്യക്തതവന്നിട്ടില്ലെന്നാണ് ആറളം പൊലിസ് നല്‍കുന്ന സൂചന.












Click it and Unblock the Notifications