Get Updates
Get notified of breaking news, exclusive insights, and must-see stories!

നവീൻ ബാബുവിന്റെ മരണം; ജില്ലാ കളക്‌ടറുടെ മൊഴിയിൽ രാഷ്ട്രീയ വിവാദം, വിമർശിച്ച് ലീഗും കോൺഗ്രസും

തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘത്തിന് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ നൽകി മൊഴി രാഷ്ട്രീയ വിവാദമാകുന്നു. താൻ നല്‍കിയ മൊഴിയിലുറച്ച് തന്നെ നിൽക്കുകയാണ് കണ്ണൂർ കളക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് പരിപാടിക്ക് ശേഷം,തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു തന്റെ ഓഫീസ് മുറിയിൽ വന്ന് പറഞ്ഞിരുന്നുവെന്നാണ് കലക്ടറുടെ മൊഴി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രസ്‌താവത്തിലാണ് ജില്ലാ കലക്ടറുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തനിക്ക് തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നാണ് കലക്ടറുടെ മൊഴിയിലെ പ്രധാന പരാമര്‍ശം.

മൊഴി കോടതി മുഖവിലക്കെടുത്തില്ലെങ്കിലും നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് കലക്ടര്‍. അദ്ദേഹത്തിന്റെ മൊഴി പ്രകാരം കൈക്കൂലി വാങ്ങിയെന്ന് അർത്ഥമില്ലെന്നായിരുന്നു കേസിലെ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹരജി തള്ളിയതിനു ശേഷം തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നിസാർ മുഹമ്മദ് നിരീക്ഷിച്ചത്. ഇതിനിടെ കലക്ടറുടെ മൊഴിക്കെതിരെ കോൺഗ്രസും മുസ്ലിം ലീഗും രംഗത്തുവന്നിട്ടുണ്ട്.

kannurcollectorissue

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഒരുപാട് ദുരൂഹതകൾ നിറഞ്ഞതാണെന്നും സംഭവത്തിൽ കലക്ടർക്കും പങ്കുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യയെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തിൽ കലക്ടർ അരുൺ കെ വിജയനും പങ്കുണ്ടെന്ന സംശയത്തിന് അടിവരയിടുന്നതാണ് അദ്ദേഹം പോലീസിനു നൽകിയ മൊഴിയും മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളുമെന്ന് ഡിസിസി പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.

നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹതകൾ വെളിച്ചത്തു വരേണ്ടതുണ്ട്. മരണശേഷവും നവീൻ ബാബുവിനെ അവഹേളിക്കാനും അഴിമതിക്കാരനായി ചിത്രീകരിക്കാനും നീക്കം നടക്കുന്നുണ്ട്. അതിന് കലക്ടർ കൂട്ടുനിൽക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായി കളക്ടർ നടത്തിയ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കേണ്ടതുണ്ട് . സിപിഎം നേതാക്കളിൽ ഒരു വിഭാഗത്തിന്റെ സമ്മർദ്ദത്തിനടിമപ്പെട്ട് വഹിക്കുന്ന പദവിയുടെ മാന്യത കളഞ്ഞു കുളിക്കുന്ന സമീപനമാണ് കലക്ടറിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സ്വന്തം സഹപ്രവർത്തകന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കാൻ തുടക്കം തൊട്ട് കളക്ടർ ശ്രമിക്കുകയാണ്. യാത്രയയപ്പ് യോഗത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപം മാത്രമല്ല കളക്ടറുടെ സമീപനവും നവീൻ ബാബുവിനെ മാനസികമായി തകർത്തിരിക്കാം. ഈ സാഹചര്യത്തിൽ ജില്ലാ കലക്ടറെ ആ പദവിയിൽ നിന്ന് മാറ്റി സമഗ്രമായ അന്വേഷണം ഉണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് നവംബർ ഒന്നിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും മാർട്ടിൻ ജോർജ് പ്രസ്താവനയിൽ അറിയിച്ചു.

എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ യാത്രയയപ്പു യോഗത്തിൽ ജില്ലാ കളക്ടർ സ്വീകരിച്ച കുറ്റകരമായ മൗനത്തെ സംബന്ധിച്ചും തുടർന്ന് അദ്ദേഹം പോലീസിന് നൽകിയ മൊഴി സംബന്ധിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അതിന് ജില്ലാ കളക്ടരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരിആവശ്യപ്പെട്ടു.

ക്ഷണിക്കപ്പെടാത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വരുന്നതും അതിൽ അവർ പറയാൻ ഉദ്ദേശിക്കുന്നത് മുൻകൂട്ടി അറിഞ്ഞതും അത് പറയുന്നത് ശരിയല്ലെന്ന് അവരെ വിലക്കിയതുമായി കലക്ടർ നൽകിയ മൊഴിയിലുണ്ട്. എന്നിട്ടും ഒരു ഉദ്യോഗസ്ഥനെ നിന്ദ്യമായി അപഹസിക്കുന്ന വിധത്തിൽ പി.പി. ദിവ്യ സംസാരിച്ചപ്പോൾ കലക്ടർ തടഞ്ഞില്ലെന്ന് മാത്രമല്ല കുറ്റകരമായ മൗനം ദീക്ഷിക്കുകയാണുണ്ടായത്.

തുടർന്ന് എഡിഎമ്മിൻ്റെ ആത്മഹത്യക്ക് ശേഷം മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയപ്പോഴോ ജീവനക്കാരുമായി സംവദിച്ചപ്പോഴോ പറയാത്ത ഒരു മൊഴിയാണ് ജില്ലാ കലക്ടർ പോലീസിന് നൽകിയത്. മാത്രവുമല്ല, എഡിഎമ്മിൻ്റെ മരണശേഷം സർക്കാറിന് നൽകിയ റിപ്പോർട്ടിലോ ലാൻ്റ് റവന്യൂ ജോയൻ്റ് കമ്മീഷണർക്ക് നൽകിയ മൊഴിയിലോ കളക്ടർ അത്തരമൊരു പരാമർശം നടത്തിയിട്ടില്ല. സ്വാഭാവികമായും അതിന് ശേഷം പോലീസിന് നൽകിയ മൊഴിയിലാണ് മരണപ്പെട്ട ഒരാളെ കുറിച്ച്, കേസന്വേഷണത്തെ തന്നെ ബാധിക്കാവുന്ന വിധത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന വിധത്തിൽ എഡിഎം കുറ്റസമ്മതം നടത്തിയെന്ന് കലക്ടർ പറഞ്ഞത്.

അത്തരമൊഴി യെ കുറിച്ച് ദിവ്യയുടെ അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷയുടെ വിചാരണ വേളയിൽ കോടതിയിൽ പരാമർശിക്കുകയുമുണ്ടായി.ഇത് വലിയൊരു ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതാണ്. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ രാത്രി അദ്ദേഹത്തിൻ്റെ വസതിയിലെത്തി കലക്ടർ കണ്ടത് ഇതോടൊന്നിച്ച് കൂട്ടി വായിക്കണം.

സ്വന്തം വകുപ്പ് മന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത ഒരാളാണ് ജില്ലാ കളക്ടരുടെ പദവിയിലിരിക്കുന്നത്. അതുകൊണ്ടാണ്, കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ റവന്യൂ മന്ത്രി കളക്ടരുടെ സാന്നിദ്ധ്യമുള്ള പരിപാടികൾ ഒഴിവാക്കിയതും മറ്റൊരു പരിപാടിയിൽ പങ്കെടുത്തതും. അത്തരത്തിൽ പൊതു സമൂഹത്തിനും റവന്യൂ മന്ത്രിക്ക് തന്നെയും അനഭിമതനായ ജില്ലാ കളക്ടരെ സ്ഥാനത്ത് നിന്ന് മാറ്റി, ഇതിന് പിന്നിലെ സകല ഗൂഢാലോചനകളെ കുറിച്ചും അന്വേഷിക്കണമെന്ന് അബ്‌ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+