നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യയെ പ്രതീകാത്മക അറസ്റ്റ് നടത്തി യുവമോർച്ച പ്രതിഷേധം
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി യുവമോര്‍ച്ച. ദിവ്യയെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്താണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്. പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. നദിവ്യയ്ക്ക് ഒളിവില്‍ കഴിയാന്‍ സിപിഎം നേതൃത്വവും പോലീസും ഒത്താശ ചെയ്യുകയാണെന്ന് ഹരിദാസ് ആരോപിച്ചു.
തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന് സത്യസന്തരായ ഒരു ഉദ്യോഗസ്ഥനെയും കേരളത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന കൃത്യമായ സന്ദേശമാണ് എഡിഎമ്മിന്റെ ദുരൂഹ മരണത്തിലൂടെ വ്യക്തമാകുന്നത്. ഇത് ഒരു കൊലപാതകമാണോ എന്ന് സംശയിക്കുന്ന കാര്യങ്ങളാണ് ഓരോ ദിവസും പുറത്ത് വരുന്നത്. കലക്റ്ററുടെ അനുമതിയോടെയാണ് താന്‍ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചതെന്നാണ് പി.പി. ദിവ്യ പറയുന്നത്. എന്നാല്‍ കലക്റ്റര്‍ പറയുന്നത് താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ്. ഈ വൈരുധ്യം ദുരൂഹമാണ്.

എഡിഎമ്മിന്റെ മരണം നടന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി വായ തുറന്നത്. എല്ലാ കാര്യത്തെകുറിച്ചും വാചാലമായി സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം പൊതുസമൂഹത്തിന് തിരിച്ചറിയാന്‍ സാധിക്കും. മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ സമഗ്രമായ അന്വേഷണം നടന്നിട്ടില്ല. ആരാണ് അന്വേഷണ ഉദ്യോഗസ്ഥനെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഓരോ ദിവസം കഴിയുമ്പോഴും പുതിയ തെളിവുകള്‍ പുറത്ത് വരികയാണ്. സംഭവ ദിവസം രാത്രി ഒരു സ്‌കൂട്ടര്‍ നവീന്‍ ബാബുവിനെ പിന്‍തുടര്‍ന്നതായി ആരോപണമുണ്ട്. ഗൂഡലക്ഷ്യത്തോടെ നവീന്‍ ബാബുവിനെ ഒരു പറ്റമാളുകള്‍ നരീക്ഷിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിവരെ അദ്ദേഹം എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. നവീന്‍ ബാബുവിനെ സമ്മര്‍ദ്ധത്തിലാക്കി മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് വ്യക്തമാണ്.
തലശ്ശേരി കോടതിയുടെ പരിഗണനയില്‍ വരുന്ന കേസില്‍ ദിവ്യയ്ക്ക് വേണ്ടിയും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടിയും ഹാജരാകുന്നത് സിപിഎം സന്തത സഹചാരികളാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ദിവ്യയെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്തുള്ള സമരം കേവലം സൂചന മാത്രമാണെന്നും പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അവരെ അറസ്റ്റ് ചെയ്ത് പോലീസിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ എ ഭരത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സമതിയംഗം മനോജ് പൊയിലൂര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരയ ശ്രുതി പൊയിലൂര്‍, സ്മിന്‍തേഷ്, ജില്ലാ സെക്രട്ടറിമാരായ രോഹിത് പി. റാം, അക്ഷയ് കൃഷ്ണ, നേതാക്കളായ ജയലത, സനിഷ, അമൃത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അര്‍ജുന്‍ മാവിലക്കണ്ടി സ്വാഗതവും കെ.വി. അര്‍ജുന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications