പയ്യാവൂരിലെ വില്ലേജ് സ്‌പെഷ്യല്‍ ഓഫീസറുടെ മരണം; അന്വേഷണം ഊര്‍ജിതം
തളിപറമ്പ്: കണ്ണൂരിലെ മലയോര പ്രദേശമായ പയ്യാവൂരില്‍ റവന്യൂ ഉദ്യോഗസ്ഥനെ വില്ലേജ് ഓഫീസിന് മുന്‍പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പയ്യാവൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. തളിപറമ്പ് ചുഴലി വില്ലേജിലെ സ്പെഷ്യല്‍ ഓഫീസറെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പയ്യാവൂര്‍ കുന്നത്തൂര്‍ കുഞ്ഞിപറമ്പിലെ രാജേന്ദ്രനാണ് (53) മരിച്ചത്. ബുധനാഴ്ച്ച രാവിലെ ആറു മണിയോടെ വ്യാപാരികളും നാട്ടുകാരുമാണ് മൃതദേഹം കണ്ടത്. വരാന്തയോടു ചേര്‍ന്നു പ്ളാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. കാല്‍പാദം നിലത്തോട് ചേര്‍ന്നിരുന്നു. വ്യാപാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യാവൂര്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാള്‍ക്ക് നഴ്സായ ഭാര്യയും മകളുമുണ്ട്. ഇരിട്ടി താലൂക്കിലും നുച്യാട്, പയ്യാവൂര്‍ വില്ലേജ് ഓഫീസുകളിലും ജോലി ചെയ്തിരുന്നു. ചുഴലി, പയ്യാവൂര്‍ വില്ലേജ് ഓഫീസുകളിലും ജോലി ചെയ്തിരുന്നു. ചുഴലി ഓഫീസില്‍ ചാര്‍ജെടുത്തുവെങ്കിലും കുറെകാലമായി അവധിയിലാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
പയ്യാവൂരിലേക്ക് മാറാന്‍ വകുപ്പുതലത്തില്‍ അപേക്ഷ കൊടുത്തിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം ടെന്‍ഡര്‍ ജോലികള്‍ക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിലെത്താറുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. കടുത്ത സാമ്പത്തിക ബാധ്യതയാണ് വില്ലേജ് ഓഫീസര്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക സൂചന.
ഇതേ കുറിച്ചു പയ്യാവൂര്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മദ്യപാന ശീലമുളളയാളാണ് രാജേന്ദ്രനെന്നാണ് പൊലിസ് നല്‍കുന്ന വിവരം. എന്നാല്‍ മരണത്തെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പൊലിസിന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന വിവരം.












Click it and Unblock the Notifications