ശമ്പള കുടിശിക നൽകാൻ തീരുമാനം; പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം പിൻവലിച്ചു
പരിയാരം: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള എന്‍ജിഒ യൂണിയന്‍ ഒക്ടോബർ 14 ന് രാവിലെ മുതല്‍ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. പരിയാരം ഏരിയാ സെക്രട്ടറി പിആര്‍ജിജേഷാണ് ഇക്കാര്യം അറിയിച്ചത്. ശമ്പള വിതരണത്തിന് ആവശ്യമായ തുക തിങ്കളാഴ്ച്ച രാവിലെ 11.30 ന് ധനകാര്യ വകുപ്പ് അനുവദിക്കുകയും, ഈ തുക ശമ്പളഫണ്ടിലേക്ക് വകയിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
തുടര്‍ന്ന് ശമ്പളം ഒക്ടോബർ 15 ന് ലഭിക്കുമെന്ന് ഉറപ്പ് ബന്ധപ്പെട്ട ഉറപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചതിനെ തുടർന്നാണ് കുത്തിയിരുപ്പ് സമരം പിൻവലിച്ചത്. ഇതു കൂടാതെ തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത്തരം പ്രതിസന്ധി ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ശമ്പള വിതരണ പ്രതിസന്ധി ഒഴിവാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലേക്ക് നൽകിയതായി അറിയിച്ചിട്ടുണ്ട്.

എൻജിഒ യൂനിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാര്‍, ജില്ലാ ട്രഷറര്‍ പിപി അജിത് കുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗം സീബ ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിയിരുപ്പ് സമരം നടത്തിയത്. കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി ഭരണകക്ഷി അനുകൂല സംഘടനയായ എൻജിഒ യൂനിയനിൽ ഉൾപ്പെട്ട നിരവധി ജീവനക്കാരാണ് തിങ്കളാഴ്ച്ച രാവിലെ മുതല്‍ നടത്തിയസമരത്തിൽ പങ്കെടുത്തത്.
സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാർ തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ നഗരത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച പിച്ചതെണ്ടൽ സമരവും മാറ്റിവെച്ചിട്ടുണ്ട്. സർക്കാർ ഏറ്റെടുത്തതിനു ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മുൻ പോട്ടു പോകുന്നത്. പല പ്രധാന വകുപ്പുകളിലും ഡോക്ടർമാരും ജീവനക്കാരുമില്ലാത്തത് വടക്കെ മലബാറിലെ പ്രധാന ആതുരാലയമായ കണ്ണൂർ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.












Click it and Unblock the Notifications