Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകീര്‍ത്തികരമായ ഫോണ്‍ സന്ദേശം: പാനൂര്‍ നഗരസഭ മുന്‍ സെക്രട്ടറിക്കെതിരെ ലീഗ് നിയമ പോരാട്ടത്തിന്

കണ്ണൂര്‍: നഗരസഭാ ചെയര്‍മാനെയും പാനൂരിലെ മുസ്ലീം ലീഗ് നേതാക്കളെയും ഫോണ്‍ സന്ദേശത്തിലൂടെ അവഹേളിച്ച മുന്‍നഗരസഭാ സെക്രട്ടറിക്കെതിരെ മുസ്ലീം ലീഗ് നിലപാട് കടുപ്പിക്കുന്നു. പരാതി നല്‍കിയിട്ടും ഈ കാര്യത്തില്‍ പൊലിസ് നടപടിയെടുക്കാത്തതാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ മുസ്ലീം ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് പാനൂര്‍ നഗരസഭയിലെ മുന്‍ സെക്രട്ടറി പി. പ്രവീണിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് തലശേരി കോടതിയെ സമീപിച്ചു.

മുസ്ലിം സമുദായത്തിനും മുസ്ലിംലീഗിനും എതിരെ ഗൗരവമായ അധിക്ഷേപം ഉന്നയിച്ച പാനൂര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് എതിരെ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ ഷാഹുല്‍ ഹമീദ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

kannur

അഡ്വക്കേറ്റ് മുഹമ്മദ് ജുനൈസ് മുഖാന്തരമാണ് കേസ് ഫയല്‍ ചെയ്തത്. നഗരസഭയിലെ ജീവനക്കാരനായ അശോകനുമായി മുന്‍ സെക്രട്ടറി പി.പ്രവീണ്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. ഇതു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവാദമായത്. നഗരസഭയില്‍ മുഴുവന്‍ പാര്‍ട്ടികളും സെക്രട്ടറിക്കെതിരെയായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നതോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

പ്രത്യേക കൗണ്‍സില്‍ യോഗത്തിന്റെ സെക്രട്ടറിക്കെതിരെയുള്ള വികാരം മാനിച്ചാണ് നടപടി സ്വീകരിച്ചത്. വര്‍ഗീയ പരാമര്‍ശങ്ങളോടെ പ്രചരിക്കുന്ന ഓഡിയൊ തന്റെതല്ലെന്ന് പാനൂര്‍ നഗരസഭാ സെക്രട്ടറി എ. പ്രവീണ്‍ വിശദീകരിച്ചിരുന്നു. പാനൂര്‍ നഗരസഭയില്‍ വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം സെക്രട്ടറിയെയും, ജീവനക്കാരനെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ കൗണ്‍സിലിനെ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും സെക്രട്ടറിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. നഗരസഭാ കൗണ്‍സില്‍ യോഗം ആരംഭിക്കുമ്പോള്‍ തന്നെ തന്റെ വിശദീകരണക്കുറിപ്പ് സെക്രട്ടറി അംഗങ്ങള്‍ക്ക് കൈമാറിയിരുന്നു. ഈ കുറിപ്പ് ചെയര്‍മാന്‍ യോഗത്തില്‍ വായിക്കുകയും ചെയ്തു.

തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പിലുള്ളതെന്നും ഇത് എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു സെക്രട്ടറിയുടെ വാദം. എന്നാല്‍ ഇത് കൗണ്‍സില്‍ യോഗം അംഗീകരിച്ചില്ല. തുടര്‍ന്ന് യോഗത്തില്‍ സംസാരിച്ചവരെല്ലാം സെക്രട്ടറിയുടെ ഓഡിയോ ക്ലിപ്പിലെ പരാമര്‍ശങ്ങളെ നിശിതമായി വിമര്‍ശിച്ചു. യോഗത്തില്‍ ആദ്യം സംസാരിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജേഷ് കരിയാട് എഡിറ്റ് ചെയ്ത വോയ്‌സ് പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെതിരെ സെക്രട്ടറി പരാതി നല്‍കിയിട്ടുണ്ടൊ എന്ന ചോദ്യമുന്നയിച്ചു.

തുടര്‍ന്ന് സംസാരിച്ച ബിജെപി കൗണ്‍സിലര്‍ എം. രത്‌നാകരന്‍ വര്‍ഗീയത പരത്തുന്ന സെക്രട്ടറിയെ നേരത്തെ മാറ്റണമായിരുന്നെന്ന് പറഞ്ഞു. സെക്രട്ടറിക്ക് പുറമെ ജീവനക്കാരന്‍ അശോകന്‍, ഓഡിയോ പുറത്തുവിട്ട കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം കൗണ്‍സിലര്‍ കെ.കെ സുധീര്‍ കുമാര്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ്, ജനതാദള്‍ പ്രതിനിധികളും സെക്രട്ടറിയെ രൂക്ഷമായി വിമര്‍ശിച്ചു.

എംടികെ ബാബു, എന്‍എ കരീം, പികെ പ്രവീണ്‍, എംപികെ അയ്യൂബ്, ടി.കെ ഹനീഫ, അന്‍സാര്‍ അണിയാരം, സൈനുദ്ദീന്‍ തങ്ങള്‍, ദാസന്‍ മാസ്റ്റര്‍, എം പി ശ്രീജ എന്നിവരും സെക്രട്ടറിയുടെ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചു. തുടര്‍ന്ന് സംസാരിച്ച ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ നഗരസഭയില്‍ അഴിമതിയുണ്ടെന്ന സെക്രട്ടറിയുടെ പരാമര്‍ശത്തെ തള്ളി രംഗത്തെത്തി. ഇഡിയല്ല, സിബിഐ പരിശോധനക്ക് വന്നാലും സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി.

ഓഡിയൊ ക്ലിപ്പിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയവെ അല്പ സമയം ചെയര്‍മാന്‍ വികാരാധീനനായി. സെക്രട്ടറി പ്രവീണിനെതിരെയും ജീവനക്കാരന്‍ അശോകനെതിരെയും നടപടി ഉണ്ടാകുമെന്നും ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട കൗണ്‍സിലര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നും ചെയര്‍മാന്‍ കൗണ്‍സിലിന് ഉറപ്പു നല്‍കി. കൈയ്യടികളോടെയാണ് ചെയര്‍മാന്റെ വാക്കുകളെ കൗണ്‍സില്‍ വരവേറ്റത്.

സെകേട്ടറി നഗരസഭാ ഭരണ സമിതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നഗരസഭാ കാര്യാലയത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. നിലവില്‍ യുഡിഎഫാണ് പാനൂര്‍ നഗരസഭ ഭരിക്കുന്നത്. 40 അംഗ കൗണ്‍സിലില്‍ മുസ്ലിം ലീഗ് 17, കോണ്‍ഗ്രസ് 6, എല്‍.ഡി.എഫ് 14, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+