തൃക്കാക്കരയിലെ തോല്‍വി: പ്രതികരിക്കാതെ വീണ്ടും മൗനം പാലിച്ച് മുഖ്യമന്ത്രി
പിണറായി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചു എല്‍.ഡി. എഫ് പ്രചരണം നയിച്ച ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായിവിജയന്‍ ഇന്നും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇന്ന് രാവിലെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷസമൃദ്ധി പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ ഈക്കാര്യത്തില്‍ പ്രതികരണമാരാഞ്ഞുവെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് രണ്ടാംപിണറായി സര്‍ക്കാരിന്റെ ഒന്നാംവര്‍ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഗൗനിക്കാതെ വൃക്ഷതൈ നടാനായി മറ്റുമന്ത്രിമാരോടൊപ്പം നടന്നു പോവുകയായിരുന്നു.

തൃക്കാക്കരയില്‍ പാര്‍ട്ടി കണക്കുകൂട്ടലുകള്‍ തെറ്റിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതുകൂടാതെ തൃക്കാക്കരയില്‍ പ്രചരണം നയിച്ചത് എല്‍.ഡി. എഫ് ക്യാപ്റ്റനായ പിണറായി വിജയന്‍ മുന്നില്‍ നിന്നാണെന്ന പ്രചരണം സി.പി. എം കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായി. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുണ്ടായ ചര്‍ച്ചകളില്‍ എതിരാളികള്‍ വിമര്‍ശനത്തിന്റെ കൂരമ്പ് എയത്തും ഇതോടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ വിജയനായകനെന്ന പദവിയില്‍ നിന്നും ഏറ്റുവാങ്ങിയ പരാജയം രണ്ടാംപിണറായി സര്‍ക്കാരിന്റെ ശോഭ കുറച്ചിട്ടില്ലെന്നാണ് സി.പി. എം വൃത്തങ്ങളുടെ നിലപാട്.
എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രി പി.രാജീവ്, എം.സ്വരാജ് എന്നിവര്‍ക്കാണ് മണ്ഡലത്തിന്റെ ചുമതല പാര്‍ട്ടി നല്‍കിയതെങ്കിലും പിണറായി സര്‍ക്കാര്‍ നൂറ് നികയ്ക്കുമെന്ന അവകാശവാദം മുഖ്യമന്ത്രിയെ മുന്‍നിരയില്‍ നിര്‍ത്തിയാണ് എല്‍.ഡി. എഫ് ഉയര്‍ത്തിയിരുന്നത്.ക്യാപ്റ്റന്‍ ഇറങ്ങിയാല്‍ വിജയമുറപ്പെന്നായിരുന്നു സി.പി. എംസൈബര്‍ സഖാക്കള്‍ സോഷ്യല്‍മീഡിയയില്‍ ഉയര്‍ത്തിയ പ്രചാരണം.
നിയമസഭയ്ക്കുള്ളില്‍ തന്റെ കടുത്ത വിമര്‍ശകനായിരുന്ന പി.ടി തോമസിന്റെ മണ്ഡലം പിടിക്കുകയെന്നത് മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടുത്തോളം വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇതുകൂടാതെ തൃക്കാക്കരയിലെ വിജയോടെ കെ.റെയില്‍ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സില്‍വര്‍ ലൈന്‍പദ്ധതിയുടെ ഗതിവേഗം കൂട്ടാനും എതിര്‍പ്പുകള്‍ ഒഴിവാക്കാനും കഴിയുമെന്നും മുഖ്യമന്ത്രിയും മന്ത്രിപരിവാരങ്ങളും പ്രതീക്ഷിച്ചു. എന്നാല്‍ കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി. എഫ് സ്ഥാനാര്‍ത്ഥി ഉമാതോമസ് വമ്പന്‍ വിജയം നേടിയതോടെ മുഖ്യമന്ത്രിക്കും അദ്ദേഹം നയിക്കുന്ന മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടിയായി മാറി. ഇതോടെയാണ് മുഖ്യമന്ത്രി അസാധാരണമായ മൗനം ഈക്കാര്യത്തില്‍ പാലിച്ചത്.












Click it and Unblock the Notifications