നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും ചെക്ക് കവര്‍ന്ന് ട്രഷറിയില്‍ നിന്നും പണം തട്ടി, പ്രതി അറസ്റ്റിൽ
പയ്യന്നൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട വാഹനം തകര്‍ത്ത് അകത്ത് സൂക്ഷിച്ചിരുന്ന ചെക്ക്‌ലീഫുകള്‍ ഉപയോഗിച്ചു പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും മറ്റൊരാളുടെ പേരിലുള്ള പെന്‍ഷന്‍ തുക തട്ടിയെടുത്ത കേസില്‍ മൂന്നംഗ കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.
ചിറ്റാരിക്കല്‍ വെസ്റ്റ് എളേരിയിലെ പൊന്‍മാലക്കുന്നേല്‍ ഷൈജു ജോസഫിനെയാ(30)ണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയും സംഘവും ഇന്നലെ അറസ്റ്റു ചെയ്തത്. ഇയാള്‍ നേരത്തെ മൊബൈല്‍, റബ്ബര്‍ ഷീറ്റു മോഷണകേസിലെ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ കയ്യൂര്‍ സ്വദേശി അഖില്‍(33) കൂട്ടുപ്രതി കണ്ണൂര്‍ സിറ്റി സ്വദേശി ഖാലിദ്(38) എന്നിവര്‍റിമാന്‍ഡിലായിട്ടുണ്ട്.

മോഷ്ടിച്ച തുകയില്‍ നിന്നും അയ്യായിരം രൂപയാണ് അഖിലിനും ഖാലിദിനും ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം.അന്നേ ദിവസം പുലര്‍ച്ചെ എര്‍ണാകുളത്തേക്ക് പോവാനായി കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയ ഇരിക്കൂര്‍ സ്വദേശി റംഷാദിന്റെ ചെക്ക് ലീഫാണ് ഇവര്‍വാഹനം തകര്‍ത്ത് തട്ടിയെടുത്തത്. പരേതനായി പിതാവിന്റെ പേരില്‍ റംഷാദിന്റെ ഉമ്മ ഒപ്പിട്ടു നല്‍കിയ ചെക്ക് ലീഫ് ഉപയോഗിച്ചു പ്രതികള്‍ പെന്‍ഷന്‍ തുകയായ 19,000രൂപ പിന്‍വലിക്കുകയായിരുന്നു.
കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നിഖിലിനെയും ഖാലിദിനെയും കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ഇതിനെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഷൈജു ജോസഫിനെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ മുങ്ങിനടക്കവേയാണ് പൊലിസിന്റെ പിടിയിലായത്.












Click it and Unblock the Notifications