നിയമകുരുക്ക് അഴിഞ്ഞു ,നൂറ്റാണ്ട് പഴക്കമുള്ള കണ്ണൂര്‍ മുന്‍സിഫ് കോടതി പൊളിച്ചു തുടങ്ങി
കണ്ണൂര്‍: നിയമ കുരുക്ക് അഴിഞ്ഞതോടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കണ്ണൂരിലെ മുന്‍സിഫ് കോടതി കെട്ടിടം പൊളിച്ചു മാറ്റുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷ് നിയമസംഹിത കേന്ദ്രീകരിച്ചുള്ള വിധികളും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നിയമ പ്രകാരമുള്ള വിധികളും പുറപ്പെടുവിപ്പിച്ച രാജ്യത്തെ തന്നെ അത്യപൂര്‍വ്വ കോടതികള്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പൗരാണിക ഭംഗിയുള്ള കെട്ടിടമാണ് പൊളിച്ചു തുടങ്ങിയത്. 1907 ല്‍ നിര്‍മ്മിച്ച ഈ കോടതി കെട്ടിടം കണ്ണൂരിന്റെ ചരിത്ര സാക്ഷി കൂടിയാണ്.
ഓട് മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെയായി പൂവോടുകള്‍ കൂടി പാകി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് സാധാരണ കെട്ടിടങ്ങളെക്കാളും ഉയരമുണ്ട്. കൂടാതെ പ്രത്യേക രീതിയിലുള്ള വായു സഞ്ചാരക്രമീകരണമാണ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്. വൈദേശികഭരണകാലത്ത് ബ്രിട്ടീഷുകാരായ ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടുത്തെ കടുത്ത ചൂട് സഹിക്കാന്‍ വിഷമമായിരുന്നതിനാലാണ് അക്കാലങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. മികച്ച തരം മര ഉരുപ്പിടികളാണ് മേല്‍പ്പുരയ്ക്കും മറ്റും ഉപയോഗിച്ചിരുന്നത്.

കുമ്മായത്തില്‍ ചെങ്കല്‍ ഉപയോഗിച്ചു നിര്‍മ്മിച്ചു കുമ്മായം കൊണ്ടു തന്നെ പ്ലാസ്റ്ററിങ്ങും നടത്തിയതായിരുന്നു കെട്ടിടത്തിന്റെ ആദ്യ നിര്‍മ്മിതി. പിന്നീട് പലപ്പോഴായി കെട്ടിടം നവീകരിച്ചു ബലപ്പെടുത്തുകയായിരുന്നു. കാലപ്പഴക്കം നേരിടുത്ത കെട്ടിടം പുതുതായി ഏഴു നിലകളുള്ള കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിനാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പൊളിച്ചു നീക്കുന്നത്. 40.75 കോടി രൂപ ചെലവിലാണ് പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുക. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ത്ഥം പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ തീയ്യതി പിന്നീട് തീരുമാനിക്കും.
സുപ്രീം കോടതി വരെ നീണ്ട കേസിനെ തുടര്‍ന്നാണ് പുതിയ കെട്ടിട സമുച്ചത്തിന്റെ നിര്‍മ്മാണം ഒന്നര വര്‍ഷത്തിലധികം നീണ്ടു പോയത്. നിര്‍മ്മാണ്‍ കണ്‍സ്ട്രഷന്‍ കമ്പിനിയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലായിരുന്നു കേസ്. വിശദമായി വാദം കേട്ട ശേഷം കെട്ടിട നിര്‍മ്മാണവുമായി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് മുന്‍പോട്ടു പോകാമെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. മാര്‍ച്ച് 12 ന് വിധി വന്ന ശേഷവും നിര്‍മ്മാണം ആരംഭിക്കാനായിരുന്നില്ല.
തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇടപെടുകയായിരുന്നു. കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയ നിര്‍മ്മാണ്‍ കമ്പിനിക്കാണ് ആദ്യം ക്വട്ടേഷന്‍ ലഭിച്ചത് ഇതിനെതിരെ ഊരാളുങ്കല്‍ സൊസൈറ്റി ഹൈക്കോടതിയിലെത്തി. സര്‍ക്കാര്‍ ഓഹരി പങ്കാളിത്തമുള്ള കമ്പിനിക്ക് തുകയില്‍ 10 ശതമാനം വരെ മുന്‍ഗണന നല്‍കാമെന്ന ഊരാളുങ്കലിന്റെ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
ഹൈക്കോടതി വിധി ചോദ്യം ചെയ്തു കൊണ്ടു നിര്‍മ്മാണ കമ്പനി ഉടമ പി.എം മുഹമ്മദാലി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ സൊസെറ്റിക്ക് നല്‍കാനുള്ള ഹൈക്കോടതിവിധി ഇടക്കാലത്ത് സുപ്രീം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി പഴയ മുന്‍സിഫ് കോടതി കെട്ടിടം പൊളിച്ചു മാറ്റുന്ന പ്രവൃത്തി നിര്‍മ്മാണ്‍ ഗ്രൂപ്പ് അപ്പോള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ തര്‍ക്കം വന്നപ്പോള്‍ ഒന്നാം ദിവസം തന്നെ അതു നിലച്ചു. പഴയ ചില കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി വേണം പുതിയ കോടതി കോംപ്‌ളക്‌സ് പണിയാന്‍. രാജ്യത്തെ തന്നെ ഏറ്റവും പ്രായം ചെന്ന കോടതികെട്ടിടങ്ങളിലൊന്നാണ് കണ്ണൂര്‍ മുന്‍സിഫ് കോടതി.












Click it and Unblock the Notifications