ധര്‍മ്മടം സിഐയെ സര്‍വീസില്‍ നിന്നും പുറത്താക്കണം: എന്‍ ഹരിദാസ്
കണ്ണൂര്‍: മകനെ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിനോട് അപമര്യാദയായി പെരുമാറിയ ധര്‍മ്മടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ സിഐ സ്മിതേഷിനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്തയാളുടെ സഹോദരനും അമ്മയ്ക്കും നേരേ മദ്യാസക്തിയില്‍ അതിക്രമം കാണിച്ച സിഐയ്ക്കെതിരായ ശിക്ഷ സസ്പെന്‍ഷനിലൊതുക്കി രക്ഷിക്കാനുളള ശ്രമമാണ് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്.
ശിക്ഷ സസ്പെന്‍ഷനില്‍ ഒതുക്കാതെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാന്‍ ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി തയ്യാറാവണം. ജനങ്ങള്‍ക്ക് നീതിയും സമാധാനവും ഉറപ്പ് വരുത്തേണ്ട പോലീസ് സേനാംഗങ്ങള്‍ തന്നെ വനിതകളോട് പോലും ഇത്തരം നികൃഷ്ടമായ രീതിയില്‍ പെരുമാറുന്നത് ഒരിക്കലും വെച്ച് പൊറുപ്പിക്കാന്‍ പാടില്ലാത്തതാണ്. സിപിഎം ഭരണത്തില്‍ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടിക്കാരായ ക്രിമിനല്‍ പോലീസുകാര്‍ സേനയെ നിയന്ത്രിക്കുന്ന സ്ഥിതിയാണ്.

ആഭ്യന്തര വകുപ്പിനെ നയിക്കുന്ന മുഖ്യമന്ത്രിക്കോ സേനാ മേധാവിക്കോ പോലീസിനുമേല്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുളളത്. പിണറായി ഭരണത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്താന്‍ പോലും ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്.
ജനമൈത്രി പോലീസെന്നും മറ്റും പേരു നല്‍കി കൊട്ടിഘോഷിക്കുകയും എന്നാല്‍ മൈത്രിയും കരുണയും ലവലേശം തൊട്ടുതീണ്ടാത്ത സ്ഥാപനങ്ങളായി പോലീസ് സ്റ്റേഷനുകള്‍ മാറിയിരിക്കുകയാണെന്നതിന് തെളിവാണ് ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ സിഐയുടെ നേതൃത്വത്തില്‍ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിന് നേരെ നടന്ന അഴിഞ്ഞാട്ടം. സിഐയെ എന്നന്നേക്കുമായി സര്‍വ്വീസില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications