അമിതമായ രാഷ്ട്രീയ ഇടപെടല്‍ കാരണം മട്ടന്നൂര്‍ പോലീസില്‍ അതൃപ്തി: കമ്മീഷണര്‍ക്ക് കത്തുനല്‍കി
മട്ടന്നൂര്‍: അമിതമായ രാഷ്ട്രീയ ഇടപെടല്‍ കാരണം മട്ടന്നൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ ഭയമുള്ളതിനാല്‍ തങ്ങളെ തല്‍സ്ഥാനത്തു നിന്നും മാറ്റി മറ്റൊരു പൊലിസ് സ്റ്റേഷനിലേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസുകാര്‍ കൂട്ടത്തോടെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്തുനല്‍കി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരാണ് കത്ത് നല്‍കിയത്. എന്നാല്‍ ഒരാളുടെ കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മട്ടന്നൂര്‍ പോളിടെക്‌നിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സിപിഎം നേതാക്കള്‍ പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി രക്ഷപ്പെടുത്തിയ വിവാദത്തിനിടെയിലാണ് പോലീസുകാരില്‍ ഒരാള്‍ നല്‍കിയ കത്തിലെ വിശദ വിവരങ്ങള്‍ പുറത്തുവന്നത്.

സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ദേശാഭിമാനി മട്ടന്നൂര്‍ ലേഖകന്‍ ശരത് പുതുക്കുടിയെയും പാര്‍ട്ടി മട്ടന്നൂര്‍ ഓഫിസ് സെക്രട്ടറിയെയും പോലീസ് മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥലം മാറ്റിയിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ടെ പോലീസുകാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്രചാരണം നടത്തിയിരുന്നു. ഇതു പോലീസ് സേനയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പോലീസുകാരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ചവരെ സ്ഥലം മാറ്റിയത്.
സംഭവം പോലീസ് സേനയില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടഞ്ഞവരെ അറസ്റ്റു ചെയ്തു നീക്കിയത് കുറ്റമാണോയെന്നാണ് പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നുയരുന്ന പ്രതികരണങ്ങള്‍.












Click it and Unblock the Notifications