വിറ്റഴിക്കല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യന്ത്രി; കണ്ണപുരത്ത് പുതിയ തുടക്കം
കണ്ണൂര്‍: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല മികച്ച രീതിയില്‍ നടത്തിക്കൊണ്ടു പോവുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ക്ലെയ്സ് ആന്റ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രൊസസിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കണ്ണപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടരുത്. പൊതുമേഖലയായി തന്നെ നില്‍ക്കണം. രാജ്യത്തെ തകര്‍ക്കുന്ന ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള ബദല്‍ നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേരളം. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള പൊതു മേഖലാ നയം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 25 എണ്ണം ലാഭത്തിലായി. വിറ്റുവരവില്‍ 18 ശതമാനം വര്‍ധനവ് ഉണ്ടായി. 3892 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. 386 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു - മുഖ്യമന്ത്രി പറഞ്ഞു.
നഷ്ടത്തിലോടിയ കെ സി സി പി എല്‍ ഇപ്പോള്‍ ലാഭത്തിലായി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80 ലക്ഷം രൂപയായിരുന്നു പ്രവര്‍ത്തന ലാഭം. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. മാങ്ങാട്ടു പറമ്പ് യൂണിറ്റില്‍ കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് സ്ഥാപിച്ച ഐടി ഇന്‍ക്യുബേഷന്‍ ഹബ്ബില്‍ 74 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാനായി. മികച്ച സ്റ്റാര്‍ട്ടപ് സൗഹൃദ സംസ്ഥാനമാണ് കേരളം - മുഖ്യമന്ത്രി പറഞ്ഞു. 2016ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 300 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായത്. അത് 4100 ലേക്കെത്തി. കൂടുതല്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ സി സി പി ലിമിറ്റഡിന്റെ വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനിയുടെ കണ്ണപുരം യൂണിറ്റില്‍ കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രൊസസിങ്ങ് കോംപ്ലക്സ് ആരംഭിക്കുന്നത്. തേങ്ങാ പാല്‍, തേങ്ങാപൗഡര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ബേബി ഓയില്‍, ഹെയര്‍ ഓയില്‍ എന്നിവയാണ് ഇവിടെനിന്നും പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. കോക്കനട്ട് ചിപ്സ്, പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്, ജ്യൂസ്, ജാം, കോക്കനട്ട് വാട്ടര്‍ ജ്യൂസ് തുടങ്ങിയവയും ഉല്‍പ്പാദിപ്പിക്കും.
ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സ് വിപുലീകരിക്കുന്നതോടെ മാങ്ങ, പൈനാപ്പിള്‍, ചക്ക തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തും. നാളികേര ഉല്‍പ്പന്നങ്ങള്‍ കെസിസിപിഎല്‍ കേരജം എന്ന പേരിലും ഫ്രൂട്ട്സ് ഉല്‍പ്പന്നങ്ങള്‍ കെസിസിപിഎല്‍ ഫ്രൂട്ട്സോള്‍ എന്ന ബ്രാന്റിലുമാണ് പുറത്തിറങ്ങുന്നത്. നാളികേര വികസന ബോര്‍ഡിന്റെയും സി പി സി ആര്‍ ഐ യുടെയും സാങ്കേതിക സഹായത്തോടെയാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.
കോക്കനട്ട് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 5.7 കോടി രൂപയാണ് പദ്ധതി ചെലവ്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണമായും സജ്ജമാകുന്നതോടുകൂടി 42 പേര്‍ക്കുകൂടി തൊഴില്‍ നല്‍കാന്‍ സാധിക്കും. എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎല്‍എ മുഖ്യാതിഥിയായി. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് കമ്പനി ഉല്‍പ്പന്നങ്ങളുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിശിഷ്ടാതിഥിയായി.
കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രന്‍, എഡിഎം കെ കെ ദിവാകരന്‍, കെ സി സി പി എല്‍ ഡയറക്ടര്‍ പി കെ ഹരിദാസ്, ഡയറക്ടറും ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറിമാരും ആയ എസ് എസ് ശ്രീരാജ്, ഒ ജെ സമീര്‍ കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തൊഴിലാളി സംഘടന പ്രതിനിധികള്‍ ,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications