ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂരില്‍ 3 ദിവസം കൊണ്ട് ലഭിച്ചത് അരക്കോടിയിലേറെ, സഹായ പ്രവാഹം തുടരുന്നു
കണ്ണൂര്‍: കേരളം നേരിടുന്ന പ്രളയക്കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 52,65,586 രൂപയാണ് കലക്ടറേറ്റില്‍ സമാഹരിച്ചത്. 16,65,152 രൂപ പണമായും 36,00,434 രൂപ ചെക്കായും കലക്ടറേറ്റില്‍ സംഭാവന എത്തി. തങ്ങളുടെ കഴിവനുസരിച്ച് ആയിരം രൂപമുതല്‍ ലക്ഷങ്ങള്‍ വരെയുള്ള സംഖ്യയുമായാണ് ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ സംഭാവനകളുമായി എത്തിയത്.
കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് സഹായമായി 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുടെ സംഭാവനയും ജില്ലാ പഞ്ചായത്തിന്റെ തനത് വരുമാനത്തില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തായിരുന്നു ഈ തുക സമാഹരിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സെക്രട്ടറി വി ചന്ദ്രന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

മട്ടന്നൂര്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. സംസ്ഥാനം മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന വേളയില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വേണ്ടെന്നുവെച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ സംഭാവന.
വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുകയ്‌ക്കൊപ്പം മാനേജ്‌മെന്റിന്റെ ചാരിറ്റി ഫണ്ടില്‍ നിന്നുള്ള തുക കൂടി ചേര്‍ത്താണ് സഹായധനം നല്‍കിയത്. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ടി പി മുഹമ്മദ് തുക കൈമാറി. മറ്റു സ്‌കൂളുകള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനമാണ് മലബാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെയും വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എസ് മാര്‍ക്കോസ്, അഡ്മിനിസ്‌ട്രേറ്റര്‍ ഗീതാ രമേശ്, അക്കാഡമിക് കോര്‍ഡിനേറ്റര്‍ കെ ഒ പി ഗിരീഷ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഫാദില്‍, ഫാത്തിമത് ഫര്‍ഹാന തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതിനു പുറമെ, ദുരിതബാധിതര്‍ക്കായുള്ള സഹായ സാധനങ്ങളുടെ ഒഴുക്ക് കലക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും തുടരുകയാണ്. അരി, എണ്ണ, പഞ്ചസാര തുടങ്ങിയ ഭക്ഷ്യസധനങ്ങള്‍ക്കു പുറമെ, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ചെറിപ്പുകള്‍ തുടങ്ങി ടണ്‍കണക്കിന് സാധനങ്ങളാണ് ദുരിതബാധിതര്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദാരമനസ്‌ക്കര്‍ ഇവിടങ്ങളിലെത്തിക്കുന്നത്. ജില്ലയിലെ അടിയന്തര ആവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ള അയല്‍ ജില്ലയായ വയനാട്ടിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications