കക്കാട് പുല്ലൂപ്പിയിലെ മയക്കുമരുന്ന് കടത്ത്; പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന
വളപട്ടണം: കക്കാട് പുല്ലൂപ്പില്‍ കാറില്‍ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയ സംഭവത്തില്‍ പാനൂര്‍ സ്വദേശിയായ കാര്‍ ഉടമയെ കണ്ണൂര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ എബിനു മോഹന്‍ ചോദ്യം ചെയ്തു. ആര്‍സി ഓണര്‍ഷിപ്പു ഇയാളുടെ പേരിലാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. കുറ്റിയാട്ടൂര്‍ സ്വദേശിയായ മറ്റൊരാള്‍ക്ക് താന്‍ കാര്‍ വാടകയ്ക്കു നല്‍കിയതാണെന്നാണ് ഇയാളുടെ മൊഴി.
വ്യാഴാഴ്ച്ച പുലര്‍ച്ചെ കാറില്‍ കടത്തിയിരുന്ന അഞ്ചുകിലോ കഞ്ചാവും, ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചുഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. പൊലിസ് റെയ്ഡിനിടെ ഓടിരക്ഷപ്പെട്ട കൊറ്റാളി, മട്ടന്നൂര്‍ സ്വദേശികള്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടതായാണ് പൊലിസിന് ലഭിച്ച വിവരം.

രാത്രികാല പരിശോധനയ്ക്കിടെ പൊലിസിനെ കണ്ടതോടെ രണ്ടംഗസംഘം പുതുതായി നിര്‍മാണം നടക്കുന്ന ബൈപ്പാസ് റോഡിലേക്ക് കാര്‍ കയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും 1.052 കിലോഗ്രാം ഹാഷിഷ് ഓയില്‍ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങി നിരോധിത മയക്കുമരുന്നുകളും രണ്ടുമൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയായിരുന്നു.
പൊലിസ് പിടികൂടുമെന്നു ഉറപ്പായപ്പോഴാണ് പ്രതികള്‍ വാഹനത്തില്‍ നിന്നുമിറങ്ങി ഓടിയത്. അതുകൊണ്ടു തന്നെ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വിളിച്ചപ്പോള്‍ ആരാണ് ഫോണുടമയെന്നു വ്യക്തമായതായി പൊലിസ് പറഞ്ഞു.
പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞതിനാല്‍ ഇവര്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. രക്ഷപ്പെട്ടവര്‍ കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തിവരുന്നവരാണെന്നാണ് പൊലിസ് പറയുന്നത്.
വന്‍തോതില്‍ മംഗളൂരൂ ബെംഗളൂരു, എന്നിവടങ്ങളില്‍ നിന്നും കഞ്ചാവും മയക്കുമരുന്നും കൊണ്ടു വന്ന് കണ്ണൂരിലെ ചില സ്ഥലങ്ങളില്‍ ചില്ലറ വില്‍പന നടത്തിവരികയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത്കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാത്രികാല പരിശോധന പൊലിസ് ശക്തമാക്കിയത്.












Click it and Unblock the Notifications