കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ചു ഡിവൈഎഫ്ഐ പ്രതിഷേധം, ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തം
കണ്ണൂർ: സർക്കാരിനെതിരെ ഏറ്റുമുട്ടുന്ന കേരള ഗവർണർക്കെതിരെ കണ്ണൂരിൽ തെരുവിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഇറങ്ങി. സംഘി ചാൻസലർ ക്വിറ്റ് കേരളയെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസായ യൂത്ത് സെന്ററിൽ നിന്നും ഗവർണറുടെ കോലവുമായി പഴയ ബസ് സ്റ്റാൻഡിലേക്കാണ് ഗവർണറുടെ കോലവുമായി പ്രതിഷേധ പ്രകടനം നടന്നത്. തുടർന്ന് പഴയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ പൊതുയോഗം ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു.

സംഘ്പരിവാറിനായി ഏകാധിപതിയെ പോലെയാണ് ഗവർണർ പെരുമാറുന്നതെന്ന് സരിൻ ശശി പറഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും ബോർഡുകളും ബാനറുകളും ക്യാംപസിൽ ഉയർത്തുന്നത് ജനാധിപത്യ അവകാശമാണ്. ഇതിനെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ളഡി കണ്ണു രെന്ന് പറഞ്ഞ് കണ്ണൂരിലെ ജനങ്ങളെ അപമാനിക്കുകയാണ് ഗവർണർ ചെയ്തത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരങ്ങൾ നടത്തും കണ്ണൂരിലെ ജനങ്ങളെ അവഹേളിച്ച ഗവർണറെ കണ്ണൂർ ജില്ലയിൽ കാൽ കുത്താൻ വിടില്ലെന്നും സരിൻ ശശി മുന്നറിയിപ്പു നൽകി.
ലഹരി പദാർത്ഥങ്ങൾ കഴിച്ചു മത്തുപിടിച്ചതു പോലെ താനിരിക്കുന്ന കസേരയുടെ മഹത്വം നോക്കാതെയാണ് ഗവർണർ പെരുമാറുന്നത്. സംസ്ഥാന സർക്കാരിന്റെ തലപ്പത്തിരിക്കുന്ന ഗവർണർ സംഘ് പരിവാറിനു വേണ്ടി വിടുപണി ചെയ്യുകയാണെന്നും സരിൻ ശശി പറഞ്ഞു. തന്നെ അക്രമിച്ചോളു വെന്ന് പറഞ്ഞ് കേരളത്തിലെ ക്രമസമാധാനം തകർക്കാനാണ് ഗവർണർ നീക്കം നടത്തുന്നത്. ഇതിലൂടെ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെഏജന്റായി ഗവർണർ മാറുകയാണെന്നും സരിൻ ശശി കുറ്റപ്പെടുത്തി.
പ്രതിഷേധപരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം പഴയ ബസ് സ്റ്റാൻഡിൽ നിന്നും കത്തിച്ചു ഗവർണർ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചു.












Click it and Unblock the Notifications