വാഹനം വിട്ടു നൽകില്ല, ഹൈക്കോടതിയെ സമീപിക്കാൻ ഇ ബുൾജെറ്റ് സഹോദരന്മാർ
തലശേരി: മോട്ടോർ വാഹന വകുപ്പ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുവെന്ന് ഇരിട്ടി കിളിയന്തറയിലെ ഇ-ബുൾജെറ്റ് സഹോദരൻമാരുടെ അഭിഭാഷകൻ ഇന്ന് അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം വിട്ടുനൽകണമെന്ന ഹരജിയിൽ കഴിഞ്ഞ ദിവസം കോടതി അനുമതി നിഷേധിച്ചിരുന്നു.
ഇവർ കാരവൻ മാതൃകയിൽ ഉപയോഗിക്കുന്ന നെപ്പോളിയനെന്ന ടെംപോ ട്രാവലറിൻ്റെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ എബിന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ വ്യക്തമാക്കിയത്.

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്‍റെ രജിസ്ട്രേഷന്‍ മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍ത കേസില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. റിമാൻഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ 7000 രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications