ഇ-സ്റ്റാംപ് പദ്ധതി ഇഴയുന്നു, മുദ്രപത്രത്തിന്റെ ക്ഷാമം ഇടപാടുകാരെ ദുരിതത്തിലാക്കുന്നു
കണ്ണൂര്‍: ഇ- സ്റ്റാംപ് പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതിലുളള വീഴ്ച്ച കാരണം മുദ്രപത്രത്തിന്റെ ക്ഷാമം കണ്ണൂര്‍ ജില്ലയില്‍ അതിരൂക്ഷമായി. കണ്ണൂര്‍ ജില്ലയില്‍ 50.100,200 രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് കൂടുതല്‍ ക്ഷാമം അനുഭവപ്പെടുന്നത്. അയല്‍ജില്ലകളില്‍ ആയിരം രൂപയുടെയും അതില്‍ താഴെയുളള മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്.പലര്‍ക്കും 50,100,200 രൂപയുടെ മുദ്രപത്രങ്ങളുടെ ആവശ്യംനിവര്‍ത്തിക്കാനായി 500 രൂമ നല്‍കി മുദ്രപത്രം വാങ്ങിക്കേണ്ടസ്ഥിതിയാണ് പൊതുജനങ്ങളും വ്യാപാരികളും ഏറെ പ്രയാസം അനുഭവിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്ന ഇ-സ്റ്റാംപ് പദ്ധതി ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്സര്‍ക്കാര്‍ അറിയിച്ചിരുന്നു.ജനനസര്‍ട്ടിഫിക്കറ്റുകള്‍, ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട മറ്റുരേഖകള്‍, വാടക വ്യാപാരകരാറുകള്‍, ബോണ്ടുകള്‍ക്ക് സത്യവാങ്മൂലം തയ്യാറാക്കുന്നതിന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് 50,100രൂപയുടെ സ്റ്റാംപ് പേപ്പറുകള്‍ നിര്‍ബന്ധമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസമായി ഇത്തരം മുദ്രപത്രങ്ങളും ലഭിക്കുന്നില്ല. ആഴ്ചയില്‍ തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ മുദ്രപത്ര വെണ്ടര്‍മാര്‍ക്ക് ട്രഷറിയില്‍ നിന്നും സീല്‍ ചെയ്തു വന്ന മുദ്രപത്രങ്ങള്‍ ലഭിക്കുന്നത്.

ഇതൊഴിച്ചുളള ദിവസങ്ങളിലാണ് മുദ്രപത്രങ്ങള്‍ക്ക് കൂടുതല്‍ ക്ഷാമം അനുഭവപ്പെടുന്നത്. എന്നാല്‍ പലജില്ലകളിലും താഴ്ന്ന മൂല്യമുളള മുദ്രപത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. പഴയ 20,10രൂപയുടെ സ്റ്റോക്കുളള സ്റ്റാംപ് പേപ്പറുകള്‍ റീവാലിഡേറ്റ് ചെയ്തു നൂറുരൂപ സീലടിച്ചാണ് സര്‍ക്കാര്‍ മുദ്രപത്രങ്ങള്‍ അനുവദിക്കുന്നതെന്ന് കണ്ണൂര്‍ നഗരത്തിലെ വെണ്ടര്‍ ജഗദീഷ് പറഞ്ഞു.ജനറല്‍ സ്റ്റാംപ് പേപ്പറുകള്‍ വരാന്‍ ഒരുമാസം കൂടി കഴിയുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആഴ്ച്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ട്രഷറിയില്‍ നിന്നും മുദ്രപത്രങ്ങള്‍ ലഭിക്കുന്നത്. സ്റ്റോക്ക് കഴിയുമ്പോഴാണ് അഞ്ഞൂറ് രൂപയുടെത് വാങ്ങിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൂറുരൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ടവര്‍ അഞ്ഞൂറ് രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ട ഗതികേടിലാണെന്ന് ഇടപാടുകാരനായ താവത്തെ കെ.കൃഷ്ണകുമാര്‍ പറഞ്ഞു. ചെറിയ ആവശ്യങ്ങള്‍ക്കായി അഞ്ഞൂറ് രൂപയുടെ മുദ്രപത്രം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉടന്‍ ഇ-സ്റ്റാംപ് പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications