എട്ടുവർഷത്തെ കാത്തിരിപ്പിന് വിരാമം : കടമ്പൂർ സ്കൂളിലെ അധ്യാപകർക്ക് നിയമനവും ശമ്പള കുടിശികയും നൽകണമെന്ന് കോടതി
കണ്ണൂർ: കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ഹൈക്കോടതി. ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന ഉത്തരവ് ജനുവരി നാലിനകം നടപ്പാക്കണമെന്നാണ് കോടതി നിർദ്ദേശം. വിധി നടപ്പിലാക്കാത്ത പക്ഷം ഉത്തരവ് പാലിക്കുന്നതുവരെ സർക്കാർ ഉദ്യോഗസ്ഥരായ പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, കണ്ണൂര്‍ ഡി.ഇ.ഒ കെ. ജിഗീഷു എന്നിവര്‍ ശമ്പളം വാങ്ങരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
അദ്ധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളകുടിശ്ശിക നല്‍കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ച് കടമ്പൂര്‍ സ്‌കൂള്‍ മാനേജര്‍ പി. മുരളീധരന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2016 മുതല്‍ നിയമിതരായ 128 അദ്ധ്യാപകരുടെ നിയമനങ്ങള്‍ രണ്ടു മാസത്തിനകം അംഗീകരിച്ച് മുഴുവന്‍ ശമ്പള കുടിശ്ശികയും നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരി 23 ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച് രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കാന്‍ ആഗസ്റ്റ് ഒമ്പതിന് ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ജനുവരി നാലിനകം ഉത്തരവു പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ കണ്ണൂർ ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കടമ്പൂർ സ്കൂളിലെ അധ്യാപകർക്ക് തങ്ങൾ ഇത്ര നാളും അനുഭവിച്ച ജീവിത ദുരിതത്തിനാണ് ഇതോടെ പരിഹാരമായത്.












Click it and Unblock the Notifications