ചാര്‍ജിങ്ങിനിടെ ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ കത്തി നശിച്ചു : വീടിനും തീപിടിച്ചു

മയ്യില്‍: മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ ചാര്‍ജിങ്ങിനിടെ ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ കത്തി നശിച്ചു. ബാറ്ററിയില്‍ നിന്നും തീ ആളി പടരുന്നതു കണ്ടു വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ ആളപായമൊഴിവായി. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം.സിദ്ദിഖിന്റെ സ്‌കൂട്ടറാണ് തിങ്കളാഴ്ച ചാര്‍ജ്ജിങിനിടെ പൂര്‍ണ്ണമായും കത്തി നശിച്ചത്. വീടിനും ഭാഗികമായി തീ പിടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടായി.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ സ്‌കൂട്ടര്‍ ചാര്‍ജിന് വെച്ചിരിക്കുകയായിരുന്നു. എട്ടരയോടെയാണ് തീ ആളിപ്പടരാന്‍ തുടങ്ങിയത്. റൂട്ട് ഓട്ടോ ഇലക്ട്രിക്കിന്റെ ഇ-ഫ്‌ലൈ എന്ന മോഡല്‍ സ്‌കൂട്ടറാണ് കത്തി നശിച്ചത്. സ്‌കൂട്ടറിന്റെ ബാറ്ററി ഒരു മാസമായി തകരാറിലായിരുന്നുവെന്നും ഇത് നിരന്തരം കമ്പനിയെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും എം.സിദ്ദിഖിന്റെ മാതാവ് ബുഷറ പറഞ്ഞു. ഇലക്ട്രിക് സ്കൂട്ടർ
കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കുമെന്നും സ്‌കൂട്ടറിന്റെയും വീടിനുണ്ടായ നാശനഷ്ടത്തിന്റെയും വില നഷ്ടപരിഹാരമായി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
സംഭവത്തെ കുറിച്ച് ഇലക്ടിക്ക് കമ്പിനി അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ഉപഭോക്തൃ കോടതിയിലടക്കം പരാതി നല്‍കാന്‍ ഉടമ തീരുമാനിച്ചിട്ടുണ്ട്. ഒരുമാസം മുന്‍പ് കണ്ണൂര്‍ മതുക്കോത്ത് ഓടിക്കൊണ്ടിരുന്ന ബുളളറ്റിന് തീപിടിച്ചു കത്തിനശിച്ചിരുന്നു. ഇതിനു സമാനമായി കണ്ണോത്തും ചാലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറും കത്തിനശിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടിയുണ്ടാവുന്നത്.












Click it and Unblock the Notifications