ആറളം ഫാമിൽ ചെത്ത് തൊഴിലാളികളെ കാട്ടാന ഓടിച്ചു , ഒരാൾക്ക് പരുക്കേറ്റു
ഇരിട്ടി:ആറളം ബ്ളോക്ക് ഒന്നിൽ തെങ്ങും ചെത്ത് തൊഴിലാളികളെ കാട്ടാന ഓടിച്ചു. ഒരാൾക്ക് പരുക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. ആറളം ഫാം ബ്ളോക്ക് ഒന്നിൽ തെങ്ങു ചെത്ത് ജോലിക്കെത്തിയ മുഴക്കുന്ന് സ്വദേശികളായ രജീഷ്, മഹേഷ് എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴ വ്യത്യാസത്തിന് രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് തലയ്ക്കു മുറിവ് പറ്റിയ രജീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹ തൊഴിലാളി മഹേഷ് ഓടി മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.കലിപൂണ്ട ആന വീണ്ടും നിരവധി തെങ്ങുകൾ കുത്തിമറിച്ചിട്ട ശേഷമാണ് തിരികെ പോയതെന്ന് തൊഴിലാളികൾ പറഞ്ഞു.
ബ്ളോക്ക് ഒന്നിലെ തെങ്ങിൻ തോട്ടത്തിലെ കാട്ടിൽ വലിയൊരു ആനക്കൂട്ടം തമ്പടിച്ചു നിൽക്കുന്നതായി തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ബ്ളോക്ക് ഒന്നിൽ നിരവധി കായ്ഫലമുള്ള തെങ്ങുകൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. മരത്തിന് പിന്നിൽ മറഞ്ഞു നിന്ന ആന തോട്ടത്തിലേക്ക് നടന്നു പോയ തൊഴിലാളികളുടെ പിന്നാലെ എത്തിയാണ് അക്രമിക്കാൻ ശ്രമിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് തൊഴിലാളികൾ ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. ആറളം ഫാം മേഖലയിൽ ഇതു വരെയായി 13 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

കാട്ടാന ശല്യം കാരണം ആറളം ഫാമിന്റെ പ്രവർത്തനം തന്നെ അവതാളത്തിലായിരിക്കുകയാണ്. ഇവിടെ തെങ്ങ്, കവുങ്, കശുവണ്ടി കൃഷിയാകെ വിളവെടുക്കാനാവാതെ നശിച്ചു. ഇതുകാരണം കടുത്ത പ്രതിസന്ധിയിലൂടെയാണ് ഫാമിന്റെ പ്രവർത്തനം മുൻപോട്ടു പോവുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഫാം തൊഴിലാളികൾക്കുശമ്പളം കൊടുക്കാൻ കഴിയുന്നില്ല. ആനപ്പേടി കാരണം തൊഴിലാളികളിൽ പകുതിയോളം പേർ ജോലിക്ക് ഹാജരാകുന്നില്ല. ആറളത്ത് ആന മതിൽ നിർമ്മാണം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.












Click it and Unblock the Notifications