ആറളം ഫാമില്‍ കാട്ടാനക്കൂട്ടം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട് തകര്‍ത്തു
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലും ഫാമിന്റെ കൃഷിയിടത്തിലും കാട്ടാനകളുടെ വിളയാട്ടം തുടരുന്നു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഫാം 9,10 ബ്ലോക്കുകളിലെ ജനവാസ മേഖലയില്‍ എത്തിയ കാട്ടാനക്കൂട്ടം അന്‍പതോളം തെങ്ങുകളാണ് കുത്തി വീഴ്ത്തിയത്. തെങ്ങ് ചവിട്ടി മറിച്ചിട്ട് നിര്‍മ്മാണം നടക്കുന്ന വീടിന്റെ സണ്‍ഷെയിഡും ആനക്കൂട്ടം തകര്‍ത്തു. കാര്‍ഷിക ഫാമിന്റെ അധീനതയിലുള്ള ഏഴാംബ്ലോക്കില്‍ ഇരുന്നൂറിലേറെ റബര്‍ മരങ്ങളുടെ തൊലി ആനക്കൂട്ടം നശിപ്പിച്ചു.
നിത്യേനയെന്നോണം ആനക്കൂട്ടം പുരധിവാസ മേഖലയില്‍ എത്തി ജനജീവിതത്തിന് ഭീഷണിയായി മാറുകയാണ്. ഒമ്പതാം ബ്ലോക്കിലെ രവീന്ദ്രന്റെ നിര്‍മ്മാണംനടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സമീപത്തെ തെങ്ങു് കുത്തിമറിച്ചിട്ട് വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു. 9,10 ബ്ലോക്കുകളിലെ നാണി, പ്രകാശന്‍, രാജു, സീത തുടങ്ങിയവരുടെ വീട്ടു പറമ്പിലെ തെങ്ങുകളാണ് വ്യാപകമായി നശിപ്പിച്ചത്.

വയനാട്ടില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഈ സ്ഥലം ഉപയോഗിക്കാതെ വര്‍ഷങ്ങളായി കാടുകയറി കിടക്കുകയാണ്. അവിടങ്ങളില്‍ താവളമാക്കിയ ആനക്കൂട്ടമാണ് രാത്രികാലങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങി വ്യാപക നാശം വരുത്തുന്നത്. സന്ധ്യ മയങ്ങുംപ്പോഴേക്കും ആനക്കൂട്ടം വീട്ടു പറമ്പുകളിലേക്കും മുറ്റത്തും വരെ എത്തുകയാണ്. ആനകള്‍ വീട്ടുമുറ്റത്ത് എത്തിയതായി അറിഞ്ഞാല്‍ കതകുകള്‍ അടച്ച് ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് മുറിക്കുള്ളില്‍ കൂടുകയാണ് ചെയ്യുകയെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഈ സമയത്ത് ആര്‍ആര്‍ടിയെ വിവരമറിയിച്ചാല്‍ ഇവരുടെ വാഹനമെത്തുന്നതോടെ ആനക്കൂട്ടം ഒഴിഞ്ഞു പോകുമെങ്കിലും ഇവര്‍ മടങ്ങുന്നതോടെ വീണ്ടും ആനകള്‍ തിരിച്ചു വരാറുണ്ടെന്നും പ്രദേശ വാസികള്‍ പറയുന്നു. വീണ്ടും തിരിച്ചെത്തുന്ന കാട്ടാനകള്‍ പിഴുതിട്ട തെങ്ങുകളുടെ മധുരമുള്ള ഭാഗം തിന്ന് പുലര്‍ച്ചെയോടെയാണ് മടങ്ങുന്നതെന്നും കാട്ടാന ഭയം മൂലം പലരും വീട് വിട്ട് ബന്ധു വീടുകളിലും മറ്റും കഴിയുകയാണെന്നും നിരവധി വീടുകള്‍ പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്നതായും ഇവര്‍ പറഞ്ഞു. റബ്ബര്‍ മരങ്ങള്‍
ഫാമിന്റെ ഇപ്പോഴുള്ള വരുമാന മാര്‍ഗ്ഗങ്ങളില്‍ പ്രധാന ഘടകമാണ്. എന്നാല്‍ കാട്ടാനക്കൂട്ടം റബ്ബര്‍ മരങ്ങള്‍ക്കു നേരെ തിരിഞ്ഞതോടെ വ്യാപക നാശനഷ്ടമാണ് ഇത് മൂലം ഉണ്ടാകുന്നത്. റബര്‍ മരങ്ങളുടെ തൊലി പൊളിച്ചെടുത്ത് ഭക്ഷിക്കുകയാണ് ആനകള്‍ ചെയ്യുന്നത് . ഫാം ഏഴാം ്‌ബ്ലോക്കിലെ 250 തോളം റബര്‍ മരങ്ങളുടെ തൊലിയാണ് കാട്ടാനക്കൂട്ടം പൊളിച്ചെടുത്ത് ഭക്ഷിച്ചത്. പുനര്‍ കൃഷിയുടെ ഭാഗമായി അടുത്ത കാലത്ത് ഉത്പ്പാദനം തുടങ്ങിയ ചെറിയ പ്രായമെത്തിയ റബര്‍ മരങ്ങളാണ് വ്യാപകമായി നശിപ്പിച്ചത്.
വരുമാനമില്ലാതെ പ്രതിസന്ധിയില്‍ നില്ക്കുന്ന ഫാമിന് റബര്‍ കൃഷിയുടെ നാശം വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അടുത്തകാലത്തായി ഫാമിന്റെ കൃഷിയിടത്തില്‍ തമ്പടിച്ചു കിടന്നിരുന്ന കാട്ടാനകളെ വിവിധ ഘട്ടങ്ങളിലായി തുരത്തി കാടു കയറ്റുകയായിരുന്നു. എന്നാല്‍ ഈ ആനകള്‍ വീണ്ടും ഫാമിലേക്കു തിരിച്ചെത്തിയാണ് വ്യാപക നാശം വിതക്കുന്നത്. ആനകകളെ പ്രതിരോധിക്കാനായി വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ തീര്‍ക്കുന്ന ആനമതിലിന്റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതും ഫാം നിവാസികളുടെ ദുരിതം വര്‍ധിപ്പിക്കുകയാണ് .












Click it and Unblock the Notifications