പയ്യാവൂരില്‍ തമ്പടിച്ച കാട്ടാനകളെ വനംവകുപ്പ് കര്‍ണാടക വനത്തിലേക്ക് തുരത്തി
പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ കര്‍ണാടക അതിര്‍ത്തിപ്രദേശമായ ആടാംപാറയിലിറങ്ങിയ കാട്ടാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സോളാര്‍ അതിര്‍ത്തി കടത്തി കര്‍ണാട വനത്തിലേക്ക് തുരത്തി. പയ്യാവൂര്‍ ആടാംപാറയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെയാണ് വനത്തിലേക്ക് തുരത്തിയോടിച്ചത്. ആനകളെതുരത്തുന്ന ആദ്യഘട്ടം വിജയകരമാണെന്ന്പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജുസേവ്യര്‍ അറിയിച്ചു.
ചന്ദനക്കാംപാറയിലെ മുക്കണ്ണി മേഖലയില്‍ കഴിഞ്ഞ ദിവസം കൃഷിനാശമുണ്ടാക്കിയ കാട്ടാനകളെ തൂക്കുവേലിക്ക് അപ്പുറത്തേക്ക് തുരുത്തുന്ന ദൗത്യം തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വഞ്ചിയം മുതല്‍ ആനപ്പാറ വരെ തൂക്കുവേലിയുടെ പതിനൊന്ന് കിലോമീറ്ററിലാണ് പതിനേഴു ആനകള്‍ തമ്പടിച്ചത്.

സ്പെഷ്യല്‍ എലിഫന്റ് ഡവ് എന്നപേരില്‍ വനംവകുപ്പിന്റെ തളിപറമ്പ്, കൊട്ടിയൂര്‍ ആറളം റെയ്ഞ്ചുകള്‍ സംയുക്തമായി നാലു സംഘങ്ങളായി നാല്‍പത്തോളം പേരാണ് ആനയെ തുരുത്തുന്നത്.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ കര്‍ണാടക അതിര്‍ത്തിയിലേക്ക് തുരത്തുന്നത്.കഴിഞ്ഞ ദിവസം ചന്ദനക്കാംപാറയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം വന്‍കൃഷിനാശമുണ്ടാക്കിയിരുന്നു. പയ്യാവൂര്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ച ആനവേലിക്കും കൃഷി ഭൂമിക്കും ഇടയില്‍ കുടുങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തിരികെ കയറ്റിവിടാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി പയ്യാവൂര്‍ പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ചന്ദനക്കാംപാറ മധുവന്‍ മലയിലും, നറുക്കുംചീത്തയിലുമായി മഞ്ഞക്കുട ബാബു, ജോര്‍ജ് കാളിയാനി, ചക്കാംകുന്നേല്‍ തോമസ്, മുളക്കല്‍ ബെന്നി എന്നിവരുടെ അടക്കം പതിനഞ്ചോളം കര്‍ഷകരുടെ കൃഷിയിടങ്ങള്‍ കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാനയെ തുരത്താനായി സ്ഥാപിച്ച സൗരോര്‍ജ്ജവേലി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കൃഷിയിടങ്ങളില്‍ കുടുങ്ങിക്കിടന്ന ആനകളെ കാട്ടിലേക്ക് കയറ്റി വിടാത്തതാണ് പ്രശ്നകാരണമെന്ന് ആം ആദ്മി പാര്‍ട്ടി പയ്യാവൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ തോമസ് ചക്കാംകുന്നില്‍ ആരോപിച്ചു.
സോളാര്‍ വേലി വരുന്നതോടെ ആന ശല്യത്തിന് പരിഹാരമാകുമെന്ന് കരുതിയിരുന്ന കര്‍ഷകരെ നിരാശരാക്കുന്നതാണ് വേലി ഉദ്ഘാടനം ചെയ്തത് ഒരുമാസം ആകുന്നതിനുമുമ്പ് വീണ്ടും ഉണ്ടായ ഈ കാട്ടാന ശല്യം.നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും, ആനകളെ കാട്ടിലേക്ക് തുരുത്തുന്നതിന് എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീസ് ഐപ്പന്‍പറമ്പില്‍ , സന്തോഷ് ജോസഫ് ,ജോസ് ശൗര്യംതൊട്ടിയില്‍, ബിജു പാമ്പാറ തുടങ്ങിയ അഅജ പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications