കൊറോണവൈറസ്: സോഷ്യൽ മീഡിയക്കെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി ഇപി ജയരാജൻ!
കണ്ണൂർ: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഇ പി ജയരാജൻ. കണ്ണൂരിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇ പി സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾക്കെതിരെ വിമർശനമുയർത്തിയത്. സംസ്ഥാനത്തുണ്ടായ കൊറോണ വ്യാപനത്തെ സംബന്ധിച്ചു സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത് വ്യാജ പ്രചാരണമാണ്. പൊതു ജനങ്ങൾ ഇതു വിശ്വസിക്കരുതെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
കൊറോണ വൈറസ് പടരുന്ന വിഷയത്തിൽ തോന്നും പോലെ പ്രചരിക്കുകയാണ് പലരും സോഷ്യൽ മീഡിയയിലുടെ പ്രചരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും മുഖവിലക്കെടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊറോണ രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. 16ന് ജില്ലയിലെ പഞ്ചായത്ത് തലത്തിൽ യോഗം ചേരാനും മന്ത്രി നിർദ്ദേശിച്ചു. ഇതിനായി 17 മുതൽ വീടുകൾ കയറിയുള്ള ബോധവൽക്കരണവും നടത്തും.
കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ചേർന്ന യോഗത്തിൽ മന്ത്രി ഇപി ജയരാജൻ അധ്യക്ഷനായി. കേന്ദ്ര ഭരണ പ്രദേശമായ മാഹിിയുടെ കാര്യത്തിലും അവിടുത്തെ അഡ്മിനിസ്ട്രേറ്ററുമായി കൂടിയാലോചന നടത്തി പ്രവർത്തനങ്ങൾ നടത്താനും മന്ത്രി നിർദേശിച്ചു.

ജില്ലയിൽ നടക്കുന്ന ആഘോഷ പരിപാടികൾ ലളിതമാക്കണം. വിവാഹ ചടങ്ങുകൾ ലഘൂകരിക്കണം. ഐസൊലേഷൻ വാർഡുകൾ എല്ലാ ജില്ലകളിലും രണ്ട് എണ്ണം വീതം പ്രവർത്തിപ്പിക്കും. കണ്ണൂർ ജില്ലയിൽ 65 സാമ്പിളുകൾ അയച്ചതിൽ
46 ഫലം നെഗറ്റീവ് ആണ്. ഒരെണ്ണം മാത്രം പോസിറ്റീവ് ആയതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്ത് നിന്ന് വരുന്നവരുടെ ലിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ സുധാകരൻ, കെകെ രാഗേഷ്, എംഎൽഎ മാരായ ജയിംസ് മാത്യു, ടി വി രാജേഷ്, കെ എം ഷാജി, എഎൻ ഷംസീർ, ജില്ലാ കലക്ടർ ടി വി സുഭാഷ്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, ഡിഎം ഒ ഡോക്ടർ നാരായൺ നായ്ക്ക്, എഡിഎം ജെ മേഴ്സി വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications