ആത്മകഥാ വിവാദം: ഗൂഡാലോചന വാദത്തില്‍ ഉറച്ച് ഇപി ജയരാജന്‍
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഗൂഡാലോചനയുണ്ടെന്ന വാദത്തിൽ ഉറച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. താൻ എഴുതാത്ത ആത്മകഥ സോഷ്യൽ മീഡിയയിൽ ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത് ഗുഡാലോചനയാണെന്നാണ് ഇപി ജയരാജൻ്റെ വാദം. ഈ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം അന്വേഷണ സംഘത്തിന് മൊഴിയായി നൽകിയതും. വിഷയത്തില്‍ സത്യസന്ധമായി അന്വേഷണ സംഘത്തിന് മൊഴി നൽകിയെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. കണ്ണൂരിലെ പാപ്പിനിശേരി അരോളിയിലെ വീട്ടിൽ നിന്നും മാധ്യമങ്ങളോട് സംസാരക്കുകയായിരുന്നു അദ്ദേഹം.
നിയമനടപടിയുമായി താൻ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസി ബുക്സിന്റെ കാര്യങ്ങൾ അവരോട് ചോദിക്കണമെന്നും തൻ്റെ കാര്യങ്ങൾ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. 'തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം എല്ലാ മുന്നണികളും സ്ഥാനാർത്ഥികളും കാര്യങ്ങളെല്ലാം അവതരിപ്പിച്ച് കഴിഞ്ഞു. 23 ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടുകൾ എണ്ണിതിട്ടപ്പെടുത്തും. പാലക്കാട്ടെ കാര്യങ്ങൾ പാലക്കാട്ടെ കേന്ദ്രങ്ങൾക്കാണ് അറിയാൻ കഴിയുക. പാലക്കാട് ഇടതു സ്ഥാനാർത്ഥിക്ക് നല്ല പ്രതീക്ഷയുണ്ട്. ഇടതുപക്ഷം തോൽക്കില്ല, ജയിക്കും' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിസി ബുക്‌സിനെതിരെ ജയരാജൻ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി. പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന് ഇപി ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വാക്കാലുള്ള കരാർ മാത്രമാണെന്നാണ് ഡിസി ബുക്ക്സ് ജീവനക്കാർ മൊഴി നൽകിയതായും സൂചനയുണ്ട്.












Click it and Unblock the Notifications