സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുത്തേക്കില്ല
കണ്ണൂര്‍: ബിജെപി രംഗപ്രവേശനവിവാദത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി തിങ്കളാഴ്ച്ച പകല്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുത്തേക്കില്ലെന്നു സൂചന. ഞായറാഴ്ച്ച പകല്‍ മുഴുവന്‍ ഇ.പി കണ്ണൂരിലുണ്ട്. രാത്രിയില്‍ തിരുവനന്തപുരത്തേക്ക് പോകാനുളള ട്രെയിന്‍ ബുക്ക് ചെയ്തിട്ടില്ലെന്നാണ് ഇ.പിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞതിന് രണ്ടാഴ്ച്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനകമ്പിനിയുമായുളള തര്‍ക്കം കാരണം ഇ.പി ജയരാജന്‍ ഒരുവര്‍ഷത്തിലേറെയായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യാറില്ല.

ആരോഗ്യപരമായകാരണങ്ങള്‍ ഉളളതുകൊണ്ടു കെഎസ്ആര്‍ടിസി വോള്‍വോ ബസിലും അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാറില്ല. വന്ദേഭാരതിലാണ് ഇപി തിരുവനന്തപുരത്തേക്ക് സാധാരണയായി പോയിവരാറുളളത്. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസില്‍ അദ്ദേഹം സീറ്റ് റിസര്‍വ് ചെയ്തിട്ടില്ലെന്നാണ് വിവരം. തനിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇപി ജയരാജന്‍.
തനിക്കെതിരെ നടപടി എന്തിനാണെന്ന ചോദ്യമാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ ഉന്നയിക്കുന്നത്്.തനിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് പറയുന്നത് എന്തിനെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് ചോദിച്ചു. ബിജെ.പി പ്രവേശന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു. ആരോപണം നിഷേധിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുമായിരുന്നില്ലേ. അതിനാലാണ് വോട്ടെടുപ്പ് ദിവസം സത്യം പറഞ്ഞത്.
തനിക്ക് മുഖ്യമന്ത്രി നല്‍കിയ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ചൂഷണം ചെയ്യാന്‍ പലരും വരും അതില്‍കുടുങ്ങരുതെന്ന ഉപദേശമാണ് മുഖ്യമന്ത്രി നല്‍കിയത്. ദല്ലാള്‍ നന്ദകുമാറിന് തന്നെ ചതിക്കാനോ പറ്റിക്കാനോ കഴിഞ്ഞിട്ടില്ല. മനുഷ്യരാണ് ചില തെറ്റുകള്‍ പറ്റിയാല്‍ തിരുത്തി മുന്‍പോട്ടുപോകുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. തനിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലാണ് ഗൂഡാലോചന നടന്നത്. കാര്യങ്ങള്‍ അന്വേഷിക്കാതെ ചില മാധ്യമങ്ങളും ഇതിനൊപ്പം ചേര്‍ന്നു. ശോഭാസുരേന്ദ്രനെ തനിക്ക് നേരിട്ട് പരിചയമില്ല. ഇവിടെ യഥാര്‍ത്ഥത്തില്‍ നടന്നത് വേട്ടയാടലാണ്. ഇലക്ഷന് മുന്‍പ് താന്‍ സിപിഎം വിട്ടു ബി.ജെ.പിയിലേക്ക് പോകുമെന്നാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.
താനെന്താ ഒരാളെ കണ്ടാല്‍ പാര്‍ട്ടിവിട്ടു ബിജെപിയിലേക്ക് പോകുമോയെന്നും ഇ.പി ചോദിച്ചു. മുഖ്യമന്ത്രി നല്‍കിയത് എല്ലാവര്‍ക്കുമുളള സന്ദേശമാണെന്നാണ് കരുതുന്നത്. സി.പി. എം തകര്‍ക്കാനാണ് ഇതു ചെയ്യുന്നത്. സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഒരു പ്രസക്തിയില്ല. ഒരു ദിവസം കൊണ്ടു മാറുന്നതാണോ തന്റെ രാഷ്ട്രീയമെന്നും ഇ.പി ചോദിച്ചു. വൈദേകത്തിനെതിരെ നടന്ന ഇ.ഡിയും ആദായ നികുതിവകുപ്പും റെയ്ഡ് നടത്തിയെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം നല്‍കിയത്.
വ്യക്തിഹത്യയാണ് തനിക്കെതിരെ നടന്നത്.ദല്ലാള്‍ നന്ദകുമാര്‍ ഒരു ചതിയുടെ ഭാഗമായാണ് പ്രകാശ് ജാവേദ്ക്കറെ വീട്ടിലേക്ക് കൊണ്ടു വന്നതെന്നു ഇപ്പോള്‍ മനസിലാക്കുന്നു. വീട്ടില്‍ വരുന്നവരോട് ഇറങ്ങിപോകാന്‍ പറയുന്ന ശീലം തനിക്കില്ല. ഒരു ചായകുടിച്ചു രാഷ്ട്രീയം പറഞ്ഞാണ് ഇരുവരും പരിപാടികള്‍ പങ്കെടുക്കാന്‍ പിരിഞ്ഞത്. പ്രകാശ് ജാവദേക്കര്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്നയാളാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
വൈദേകത്തിനെതിരെ ചില മാധ്യമങ്ങള്‍ കളളക്കഥകള്‍ ചമയ്ക്കുകയാണ്. അവിടെ ഇന്‍കമൊന്നുമില്ല. പിന്നെങ്ങനെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നും ഇ.പി ചോദിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനിയെ കുറിച്ചു പൂര്‍ണവിവരങ്ങള്‍ ഇന്റര്‍നെറ്റ് നോക്കിയാല്‍ എല്ലാവര്‍ക്കും മനസിലാകും. എന്നിട്ടും ചിലര്‍ കള്ളക്കഥ മെനയുകയാണെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി.












Click it and Unblock the Notifications