എരുവേശി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്: ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ്
ശ്രീകണ്ഠാപുരം: എരുവേശി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി എല്‍.ഡി.എഫ് ജയിച്ച സാഹചര്യത്തില്‍ യു.ഡി.എഫ് നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു. സംഘര്‍ഷദൃശ്യങ്ങളുമായി യു.ഡി.എഫ് ഹൈക്കോടതിയിലെ സമീപിക്കും.

എം.എല്‍.എ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഈ വരുന്ന നവംബര്‍ 23ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. എരുവേശി സഹകരണബാങ്ക് തെരഞ്ഞെടുപ്പ് സാധാരണയായി ചെമ്പേരിയിലാണ് നടന്നിരുന്നത്. എന്നാല്‍ ഇക്കുറി അതു എരുവേശിയിലേക്ക് മാറ്റിയതിനെതിരെ യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തില്‍ ഇടപെടാനാവില്ലെന്നും സുരക്ഷ ഉറപ്പാക്കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ മറികടന്ന് പൊലിസ് സുരക്ഷ ഒരുക്കാന്‍ തയ്യാറാവാതെ പൊലിസ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. യു.ഡി. എഫ് വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് കടത്തിവിടാതെ വഴിയില്‍ തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയുമാണ് ചെയ്തത്.
അക്രമവിവരമറിഞ്ഞെത്തിയ സജീവ് ജോസഫ് എം. എല്‍.എയെയും കൈയേറ്റം ചെയ്തു. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസി. ടെസി ഇമാനുവല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലാജോയ്, സ്ഥാനാര്‍ത്ഥി ജോസഫ് കൊട്ടുകപ്പള്ളി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.കെ ലിജേഷ്, ഡി.സി.സി സെക്രട്ടറി ജോജി വട്ടോളി, എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച വൈകുന്നേരം ചെമ്പേരി ടൗണില്‍ പ്രകടനവും പ്രതിഷേധ പൊതുസമ്മേളനവും നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരായ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള എരുവേശി ബാങ്ക് ഭരണം ഇതുരണ്ടാം തവണയാണ് എല്‍. ഡി. എഫ് പിടിച്ചെടുക്കുന്നത്.
തുടക്കം മുതല്‍ അന്‍പതുവര്‍ഷക്കാലം ഭരണം നടത്തിയിരുന്ന യു.ഡി. എഫില്‍ നിന്നും 2017-ലാണ് സി.പി. എം ആദ്യമായി ഭരണം പിടിക്കുന്നത്.തെരഞ്ഞെടുപ്പിനു ശേഷം ബാങ്ക് പ്രസിഡന്റായി അനില്‍ പി. ജോര്‍ജിനെയും വൈസ് പ്രസിഡന്റായി കെ.ജി പ്രകാശിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ നിയമയുദ്ധം യു.ഡി. എഫ് നടത്താനിറങ്ങിയ സാഹചര്യത്തില്‍ എല്‍. ഡി. എഫ് പ്രതിരോധത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications