സാങ്കേതിക വിദ്യയുടെ കാലത്തും ബോംബിനെ സിപിഎം പ്രചാരണ ആയുധമായി ആശ്രയിക്കുന്നു; ഷാഫി പറമ്പിൽ
തലശേരി : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും, ഫൈജിയുടെയും ലോകത്ത് ജീവിക്കുമ്പോഴും പ്രചരണായുധമായി ബോംബിനെ ആശ്രയിക്കുകയാണ് സിപിഎമ്മെന്ന് വടകര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ബോംബിനേക്കാൾ ശക്തി വോട്ടിനുണ്ടെന്ന് തിരിച്ചറിയണമെന്നും ഷാഫി പറഞ്ഞു. സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി അരയാക്കൂലും, ചമ്പാടും നൽകിയ സ്വീകരണ യോഗത്തിൽ ശേഷം സംസാരിക്കുകയായിരുന്നു ഷാഫി.
പുരോഗമനത്തെക്കുറിച്ചും, ആധൂനികകാലത്തെക്കുറിച്ചും സംസാരിക്കുന്നവർ ഈ 2024ലും പ്രചരണായുധമായി ബോംബിനെ കാണുന്നു എന്നത് ഗൗരവമായി പൊതു സമൂഹം കാണണം. ഒരു രസത്തിന് വേണ്ടി ഉണ്ടാക്കി വെക്കുന്ന സാധനമല്ല ബോംബ്. മറ്റൊരാൾക്കെതിരെ പ്രയോഗിക്കാനാണ്. ബോംബ് പൊട്ടിയിരുന്നില്ലെങ്കിൽ ഉറപ്പായും മറ്റൊരാൾ ഇരയാവുമായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വയം തിരുത്താൻ തയ്യാറാവുന്നില്ലെങ്കിൽ തിരുത്താൻ ശക്തിയുള്ള വരാണ് ജനങ്ങൾ. ബോംബിനെക്കാൾ, വാളിനെക്കാൾ ശക്തി വോട്ടിനുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും, അക്രമ രാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്നും ഷാഫി പറഞ്ഞു.

പര്യടനം മണിക്കൂറുകൾ വൈകിയെങ്കിലും ആവേശോജ്വല സ്വീകരണമാണ് ഷാഫിക്ക് ലഭിച്ചത്. സ്ത്രീകളും, കുട്ടികളുമടക്കമുള്ളവർ വഴിയോരത്ത് സ്ഥാനാർത്ഥിക്കായി കാത്തിരുന്നിരുന്നു. അരയാക്കൂലിൽ നടന്ന സ്വീകരണ യോഗത്തിൽ യുഡിഎഫ് കൺവീനർ ടി പി പ്രേമനാഥൻ മാസ്റ്റർ അധ്യക്ഷനായി.
സി.പി സിറാജ്, റഹ്ദാദ് മൂഴിക്കര, ഷാജി എം ചൊക്ലി, പവിത്രൻ കുന്നോത്ത്, എം പി സരോജിനി, വി.പി മോഹനൻ എന്നിവർ സംസാരിച്ചു.ഭാർഗവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മീത്തലെ ചമ്പാട് നടന്ന സ്വീകരണയോഗത്തിൽ യുഡിഎഫ് ചെയർമാൻ പി.കെ ഹനീഫ അധ്യക്ഷനായി. ഷാനിദ് മേക്കുന്ന്, എം.അശോകൻ, റഷീദ് തലായി, എം.ജിതേഷ്, റഹീം ചമ്പാട്, വി.പി റഫീഖ്, ജാഫർ ചമ്പാട്, കെ.കെ ഉസ്മാൻ എന്നിവർ സംസാരിച്ചു. കാവിൽ മഹമൂദ് സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications