കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങുകൾ എന്തൊക്കെ?

  • By Desk
Google Oneindia Malayalam News

വൈശാഖോത്സവത്തിനു മുന്നോടിയായി ഇക്കരെക്കൊട്ടിയൂരില്‍ പ്രാക്കുഴം എന്നചടങ്ങു നടത്തും. മേടത്തിലെ വിശാഖം നാളിലാണ് ഇത് നടത്തുന്നത്. ഉത്സവാവശ്യത്തിനുളള നെല്ലളക്കുന്ന ചടങ്ങാണിത്. ക്ഷേത്രകാര്യക്കാരുടെ ഇരുപത്തെട്ടുദിനം നീളുന്ന കഠിനവ്രതവും വിശാഖം നാളില്‍തുടങ്ങും. ഈ ദിവസങ്ങളിലെല്ലാം ഗൂഡ-ഗോപ്യപൂജകളും നടത്തപ്പെടും. അപ്പടനിവേദ്യമാണ് മറ്റൊരു പ്രധാനചടങ്ങ്.

ആയില്യാര്‍കാവിലെ ഭൂതഗണങ്ങള്‍ക്കാണ് അപ്പടനേദിക്കുന്നത്. ആയില്യാര്‍ക്കാവില്‍ ശുദ്ധികര്‍മ്മങ്ങളും ഗൂഡകര്‍മ്മങ്ങളും നടത്തും. ആയിരം വില്ലുമായി സതിദേവിക്ക് കാവല്‍നിന്ന ഭൂതഗണങ്ങള്‍ക്കാണ് ആയില്യാര്‍ക്കാവിലെ ചടങ്ങില്‍ പൂജകള്‍ നല്‍കുന്നത്. സാധാരണക്കാര്‍ക്ക് ഇവിടേക്ക് പ്രവേശനം ഇല്ല. നിഗൂഡമാണ് ആയില്യര്‍ക്കാവിലെ പൂജകള്‍.

മകം നീരെഴുന്നള്ളത്ത്

മകം നീരെഴുന്നള്ളത്ത്

മകം നീരെഴുന്നുളളത്താണ് മറ്റൊരു പ്രധാന ചടങ്ങ്. ഈ ചടങ്ങിനു പിന്നിലൊരു ഐതിഹ്യമുണ്ട്്്. സതിയുടെ വിയോഗത്തോടെ സ്വയംഭൂരൂപത്തില്‍ ശിലയില്‍ കുടികൊണ്ട ശിവചൈതന്യം ദക്ഷയാഗഭൂമിയില്‍ കാലങ്ങളോളം കുടികൊണ്ടു. കാലപ്രവാഹത്തില്‍ ശ്രദ്ധിക്കപ്പെടാതെ കാടുകയറിക്കിടന്ന ഈ യാഗഭൂമിയില്‍ നായാട്ടിനെത്തിയ ഒരു കുറിച്യന്‍ അമ്പിനു മൂര്‍ച്ച കൂട്ടാനായി ശിലയില്‍ അമ്പുരച്ചു. ശിലയില്‍നിന്നും രക്തം വരികയും ഭയപ്പെട്ട അയാള്‍ അടുത്തുളള പടിഞ്ഞാറ്റം നമ്പൂതിരിയെ വിവരം അറിയിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ താന്ത്രിക വിദ്വാനായ ബ്രാഹ്മണന്‍ ശിവസാന്നിധ്യം തിരിച്ചറിഞ്ഞ് നെയ്യും പാലും കൊണ്ട് അഭിഷേകം ചെയ്തിട്ടും രക്തപ്രവാഹം നിന്നില്ല. ഒടുവില്‍ ഇളനീര്‍ അഭിഷേകം നടത്തിയപ്പോള്‍ രക്തപ്രവാഹം നിന്നെന്നാണ് പറയപ്പെടുന്നത്. ബ്രാഹ്മമണ്‍ പുഴയില്‍നിന്നും കൂവഇലയില്‍ ജലം എടുത്ത് അഭിഷേകം നടത്തിയതിന്റെ ഓര്‍മ്മക്കായാണ് നീരെഴുന്നെളളിപ്പ് നടത്തുന്നത്.

അമ്മാരക്കല്ലും മണിത്തറയും

അമ്മാരക്കല്ലും മണിത്തറയും

പതിനൊന്നു മാസത്തെ ഇടവേളക്കുശേഷം ക്ഷേത്രസ്ഥാനിയരാണ് അക്കരക്കൊട്ടിയൂരില്‍ ആദ്യം പ്രവേശിക്കുക. വനത്തിലെ തറയിലുളള ദേവസ്ഥാനത്ത് തിരുവഞ്ചിറയിലെ ജലം അഭിഷേകം ചെയ്യുന്നു. അഷ്ടഗന്ധവും തിടപ്പള്ളിയിലെ ചാരവും ഭഗവദ് പ്രസാദമായി സ്വീകരിച്ച് മടക്കം. പിന്നീടാണ് ഉത്സവത്തിനായി അക്കരെക്കൊട്ടിയൂര്‍ സജ്ജമാക്കുന്നത്. അമ്മാരക്കല്ലും (സതിദേവി ജീവനൊടുക്കിയ ഇടം) മണിത്തറയും പുല്ലുകള്‍മാറ്റി വൃത്തിയാക്കുന്നു.

കയ്യാലകള്‍ പുനര്‍നിര്‍മ്മിക്കും. മുനിവര്യന്മാരുടെ പര്‍ണ്ണശാലകളെ ഓര്‍മ്മിപ്പിക്കുന്നവയാണ് ഇവിടെ നിര്‍മ്മിക്കുന്ന താല്‍ക്കാലിക വാസസ്ഥലങ്ങള്‍. കാര്‍മ്മികര്‍ക്കും, കലവറക്കും, കണക്കെഴുത്തുകാര്‍ക്കും പണിയാളുകള്‍ക്കും എല്ലാം താമസഇടങ്ങള്‍ ഒരുക്കും. ജലാശയത്തിനുമധ്യത്തായി താല്‍ക്കാലികക്ഷേത്രവും കുറച്ചുമാറി തൊട്ടടുത്തായിതന്നെ താമസ ഇടങ്ങളും ഉയരും.

നെയ്യാട്ടത്തോടെ തുടക്കം

നെയ്യാട്ടത്തോടെ തുടക്കം

വൈശാഖഉത്സവം തുടങ്ങുന്നത് നെയ്യാട്ടത്തോടെയാണ്. സ്വയംഭൂവായ ശിവലിംഗത്തില്‍ അഭിഷേകം ചെയ്യാനുളള നെയ്യ് കലശപാത്രങ്ങളിലും കിണ്ടികളിലുമായി എത്തിക്കുന്നു. തലയില്‍ നെയ്കിണ്ടികള്‍ ഏന്തി ചൂരല്‍ മുദ്രകള്‍ധരിച്ച് തിരിഞ്ഞുനോക്കാതെയാണ് നെയ്യാട്ടസംഘത്തന്റെ യാത്ര. ദക്ഷന്റെ ശിരസറക്കാന്‍ വീരഭദ്രന്‍ ഉപയോഗിച്ചെന്നു കരുതുന്ന മുതലേരിവാളുമായി വയനാട്ടില്‍ നിന്നും കാല്‍നടയായി കാര്‍മ്മികന്‍ എത്തുന്നതോടെ നെയ്യാട്ടസംഘത്തിന് അക്കരെക്കൊട്ടിയൂരിലേക്ക് പ്രവേശിക്കാം.

മണിത്തറയില്‍ ശിവലിംഗത്തെ കാക്കുന്ന അഷ്ടബന്ധ ബന്ധനത്തില്‍നിന്നും അതിനെ മോചിപ്പിക്കുന്ന നാളം തുറക്കലാണ് അടുത്തചടങ്ങ്്. ശേഷം ശിവലിംഗത്തില്‍ നെയ്യഭിഷേകം നടത്തുന്നു. തുടര്‍ന്ന് നടക്കുന്ന ഭണ്ഡാരം എഴുന്നളളിപ്പ് ചടങ്ങിനു ശേഷമേ സ്ത്രികള്‍ക്ക് അക്കരക്കൊട്ടിയൂരില്‍ പ്രവേശിക്കാനാവൂ.

ജലത്തിലൂടെയുളള ശീവേലി

ജലത്തിലൂടെയുളള ശീവേലി

തിരുവഞ്ചിറയിലെ താല്‍ക്കാലിക ക്ഷേത്രത്തിനു ചുറ്റുളള ജലത്തിലൂടെയുളള ശീവേലിയില്‍ ദേവിയാണ് ദേവനുമുമ്പെ എഴുന്നളളത്ത്് നടത്തുന്നതെന്ന അപൂര്‍വ്വതയും ഇവിടെ കാണാം. ഇവിടുത്തെ തിടപ്പളളിയില്‍ തയ്യാറാക്കുന്ന ഭക്ഷണമേ അക്കരക്കൊട്ടിയൂരില്‍ അനുവദിക്കു എന്നതാണ് ചിട്ട. എന്നാല്‍ അടുപ്പിലെ ചാരം നീക്കാനും പാടില്ല. പക്ഷേ ചാരം കൂടിക്കിടക്കുക പതിവില്ല എന്ന അത്ഭുതവും ഇവിടെക്കാണാം. ഭസ്മപ്രിയനായ ശിവന്‍ ചാരം ഭസ്മമായി പൂശുന്നതുകൊണ്ടാണ് ഇരുപത്തെട്ടുദിവസം പാചകം ചെയ്തിട്ടും ചാരം കൂടാത്തതെന്നാണ് വിശ്വാസം.

ഇവിടുത്തെ അടുപ്പിലെ ചാരം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ കാണപ്പെട്ടു എന്നും കഥകളുണ്ട്. സപ്തമിനാളിലെ ഇളനീരാട്ടമാണ് മറ്റൊരുപ്രധാനചടങ്ങ്. ഇളനീര്‍കാവുകള്‍ ഭക്തര്‍ തിരുവാഞ്ചിറയില്‍ സമര്‍പ്പിക്കും. പിറ്റേന്ന് അഷ്ടമിനാളില്‍ രാത്രിയില്‍ഇളനീര്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്യും. അഷ്ടമി ആരാധനസമയത്ത് തിരുവഞ്ചിറയില്‍ ഭക്തര്‍ ഇറങ്ങാറില്ല.

രോഹിണി ആരാധന

രോഹിണി ആരാധന

രോഹിണി ആരാധനയാണ് മറ്റൊരുപ്രധാന ചടങ്ങ്. ആലിംഗനപുഷ്പാഞ്ജലി എന്നപേരിലും ഈചടങ്ങ് പ്രശസ്തമാണ്. ഈ ചടങ്ങ് ജന്മാവകാശമായി ലഭിച്ചിരിക്കുന്നത്് കുറുമത്തൂര്‍ ബ്രാഹ്മണര്‍ക്കാണ്. കാര്‍മ്മികന്‍ സ്വയംഭൂവായ ശിവലിംഗത്തെ ആലിംഗനം ചെയ്യുന്ന ചടങ്ങാണിത്. സതിവിയോഗത്തില്‍ സ്വയം നഷ്ടമായ ശിവന്റെ ദുഖഭാവംകണ്ട് മനസമിടറിയ വിഷ്ണു സാന്ത്വനമായി ആദ്ധേഹത്തെ പുണര്‍ന്നതിന്റെ ഓര്‍മ്മക്കായാണ് ആലിംഗന പുഷ്പാഞജ്‌ലി നടത്തുന്നത്. മറ്റൊരുക്ഷേത്രത്തിലും ഇല്ലാത്ത ചടങ്ങാണിത്.

മകം നാളിലെ ഉച്ചശീവേലിയോടെ സ്ത്രീകള്‍ക്ക് അക്കരകൊട്ടിയൂരിലെ പ്രവേശനം നിഷിദ്ധമാകുന്നു. ആനയും, പാണി ഒഴികെയുളള വാദ്യങ്ങളും അക്കരെകൊട്ടിയൂര്‍ വിട്ടിറങ്ങും. കയ്യാലയില്‍ തുടരാനുളള അവകാലം സ്ത്രീകളില്‍ ഒരാള്‍ക്കുമാത്രമാണ് പിന്നീടുളളത്്,് ഉത്സവത്തിന്റെ ഭാഗമായ കൂത്ത് അവതരിപ്പിക്കാനെത്തുന്ന നങ്ങ്യാരമ്മക്ക്.

കലം വരവ്

കലം വരവ്

കലം വരവാണ് അടുത്ത പ്രധാനചടങ്ങ്. വേദിക്ക രീതിയിലുളള താന്ത്രികകര്‍മ്മങ്ങളുടെ നിഗൂഡത വെളിവാക്കുന്നതാണ് 142 കലങ്ങള്‍ ക്ഷേത്രത്തിലേക്ക് വരുന്ന ചടങ്ങ്. ഇരുട്ടില്‍ മനുഷ്യര്‍കാണാതെയാണ് ഇത് വരുന്നത്. ഈ വരവ് മനുഷ്യര്‍ കാണാന്‍ പാടില്ല എന്നാണ് വിശ്വാസം. ക്ഷേത്രവഴികളിലെ ദീപങ്ങള്‍ പോലും കലം വരവിനായി അണക്കും. പുറംലോകത്തിനു പ്രവേശന അനുമതി ഇല്ലാത്ത ഗൂഡകര്‍മ്മങ്ങള്‍ കലംവരവോടനുബന്ധിച്ചു നടക്കും.

ആനയില്ലാ ശീവേലിയും വാളാട്ടവും കഴിയുന്നതോടെ തൃക്കലശാട്ടത്തിന്റെ തുടക്കമാകും. ചടങ്ങുകളുടെ സമാപനമാണ് തൃക്കലശാട്ടം. താല്‍ക്കാലികമായി മണിത്തറയില്‍ കെട്ടിയുയര്‍ത്തിയ ശ്രീകോവില്‍ തൂണ് ഉള്‍പ്പെടെ പിഴുതെടുത്ത് തിരുവഞ്ചിറയിലേക്ക് സമര്‍പ്പിക്കും. അമ്മാരക്കല്ലിന് മുകളിലെ പെരുങ്കുട മാറ്റും. പരാശക്തിയുടെ സന്നിധിയിലേക്ക് വീരഭദ്രന്റെ വാള്‍ കര്‍മ്മികനൊപ്പം മടങ്ങുന്ന ചടങ്ങു കൂടികഴിയുന്നതോടെ പതിനൊന്നു മാസത്തെ നിശബ്ധതയിലേക്ക് അക്കരക്കൊട്ടിയൂര്‍ ലയിച്ചു ചേരും.

English summary
About Kottiyur vysakha mahotsavam events
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X