മയ്യില്‍ ബമ്മണാച്ചേരിയില്‍ വീട്ടുപറമ്പില്‍ ഒളിപ്പിച്ച ഉഗ്രസ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരിലെ മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന അത്യുഗ്രസ്‌ഫോടന ശേഷിയുളളവസ്തുക്കള്‍ വീട്ടുപറമ്പില്‍ നിന്നും പൊലിസ് കണ്ടെത്തി. വിഷുദിനമായ ശനിയാഴ്ച്ചരാവിലെയാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ചു പൊലിസ് നടത്തിയ പരിശോധനയിലാണ് അത്യുഗ്ര സ്‌ഫോടക ശേഷിയുളള സ്‌ഫോടക വസ്തു പിടികൂടിയത്.
തലശേരിയിലെ ബോംബ് സ്‌ഫോടനത്തിനു ശേഷം കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടുപറമ്പില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.ജലാറ്റിക് സ്റ്റിക്ക് കെട്ടിയ ഉഗ്രസ്‌ഫോടക വസ്തുവാണ് കണ്ടെത്തിയത്. തിരികത്തിച്ചുവെച്ചനിലയിലായിരുന്നു. തീയഞ്ഞതിനാല്‍ പൊട്ടാത്തതിനാല്‍ വന്‍ദുരന്തമൊഴിവായി.
സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. മയ്യില്‍ വില്ലേജ് ഓഫീസ് റോഡില്‍ ബമ്മണാച്ചേരി കൈതേരി പുരയില്‍ പി.പി പ്രശാന്തിന്റെ വീടിന്റെ പിറകിലാണ് നാടന്‍ ബോംബിന് സമാനമായ സ്‌ഫോടക വസ്തു കണ്ടെത്തിയത്.ചെങ്കല്‍ ക്വാറി ഉടമയാണ് പ്രശാന്തെന്ന് പൊലിസ് പറഞ്ഞു. മയ്യില്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷിന്റെ നേതൃത്വത്തില്‍ പോലീസും കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധിച്ചു. സ്‌ഫോടക വസ്തു കസ്റ്റഡിയിലെടുത്തു നിര്‍വീര്യമാക്കി.

വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുളള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഫോറന്‍സിക്ക് വിഭാഗം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവ സ്ഥലത്ത് സന്ദര്‍ശനം നടത്തി. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ബോംബുകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. മയ്യില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
നേരത്തെ തലശേരിയില്‍ നിന്നും ഉഗ്രസ്‌ഫോടക ശേഷിയുളള ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടി ആര്‍. എസ് എസ് പ്രവര്‍ത്തകന്റെ കൈപ്പത്തിതകര്‍ന്നിരുന്നു. ഇതിനു ശേഷമാണ് മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തലശേരി എരഞ്ഞോളിയില്‍ ബോംബുനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകനായ വിഷ്ണുവിന്റെ കൈപ്പത്തികള്‍ തകര്‍ന്നിരുന്നു. ഇയാള്‍കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്. വിഷ്ണുവിനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications