സമസ്തയുടെ പേരിൽ വ്യാജപിരിവ്; ഏച്ചൂർ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്
തലശേരി: സമസ്തയുടെ പേരില്‍ വ്യാജപിരിവ് നടത്തിയാള്‍ക്കെതിരെ നേതാക്കളുടെ പരാതിയില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കാസര്‍കോട് ചട്ടഞ്ചാലില്‍ നടന്ന പരിപാടിയുടെ ഭാഗമായി സമസ്ത പ്രഖ്യാപിച്ച നൂറുരൂപ ചാലഞ്ചിന്റെ മറവില്‍ സോഷ്യല്‍ മീഡിയയിലൂടെ സംഭാവന പിരിച്ച കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി നസീറിനെതിരെയാണ് ചക്കരക്കല്‍ പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച്ച കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാലിലായിരുന്നു സമസ്തയുടെ നൂറാംവാര്‍ഷിക പ്രഖ്യാപന സമ്മേളനം നടന്നത്. പരിപാടിയുടെ വിജയത്തിനായി ഫണ്ട് കണ്ടെത്താന്‍ നൂറുരൂപ ചാലഞ്ചായി സംഭാവന പിരിക്കാന്‍ സമസ്ത ആഹ്വാനം നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ടു വലിയ തോതില്‍ പ്രചരണം നടന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ഇതുകാരണം നൂറുരൂപ ചാലഞ്ചില്‍ പങ്കാളികളായി.

എന്നാല്‍ നസീര്‍ തന്ത്രപൂര്‍വ്വം ഇതേ ചാലഞ്ചിന്റെ അറിയിപ്പില്‍ മറ്റൊരു അൗക്കണ്ട് നമ്പര്‍ കൂടി ചേര്‍ത്ത് പരസ്യപ്പെടുത്തി സോഷ്യല്‍മീഡിയയിലൂടെ പണപിരിവ് നടത്തുകയായിരുന്നു. ഇതു സമസ്ത നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യം കാസര്‍കോട് മേല്‍പറമ്പ് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മേല്‍പറമ്പ സി. ഐ ഉത്തംദാസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നില്‍ ഏച്ചൂര്‍ സ്വദേശിയയ നസീറാണ് ഇതിന് പിന്നിലെന്ന് മനസിലായത്.
ഇതോടെ കേസ് ചക്കരക്കല്‍ പൊലിസിന് കൈമാറുകയായിരുന്നു. തട്ടിപ്പിനെ കുറിച്ചു അന്വേഷണമാരംഭിച്ചതായി ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കോടെരി അറിയിച്ചു. തട്ടിപ്പു നടത്തിയയാളെ കുറിച്ചുളള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ചക്കരക്കല്‍ പൊലിസ് അറിയിച്ചു.
നിരവധിയാളുകള്‍ക്ക് ഓണ്‍ ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതായാണ് വിവരം. എന്നാല്‍ നഷ്ടമായത് വെറും നൂറുരൂപയായതിനാല്‍ തട്ടിപ്പിന് ഇരയായവര്‍ വ്യക്തിഗതമായ പരാതികള്‍ നല്‍കിയിട്ടില്ല. തട്ടിപ്പു നടത്തിയയാള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു.
സമസ്തയുടെതെന്നു തോന്നിക്കുന്ന ചിഹ്‌നങ്ങള്‍ ഉപയോഗിച്ചു നൂറാംവാര്‍ഷികത്തിന്റെ വ്യാജ പോസ്റ്റര്‍ തയ്യാറാക്കിയാണ് സോഷ്യല്‍ മീഡിയയിലൂടെ അനധികൃത പണപിരിവ് നടത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications