സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ ഡിഐജിയെ സല്യൂട്ട് ചെയ്തില്ല; 15 പൊലീസുകാര്‍ക്ക് പാറാവ് ശിക്ഷ
കണ്ണൂര്‍: ഡി ഐ ജിയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ 15 പൊലീസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ. കഴിഞ്ഞ ദിവസം ( വ്യാഴാഴ്ച ) 12 മണിയോടെ ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ ക്യാമ്പ് ഓഫീസില്‍ നിന്നും ഓഫീസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ല എന്നാണ് പരാതി. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ടവരും മേയര്‍ ടി ഒ മോഹനനെ ഉപരോധിച്ചിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തിയത്. കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്റ്റേഷനുകളിലെ പൊലീസുകാരാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ഇതേ സമയത്താണ് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ അതുവഴി കടന്ന് പോയത്. ഈ സമയത്ത് ഡി ഐ ജി രാഹുല്‍ ആര്‍ നായറിനെ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഘര്‍ഷത്തിനിടയില്‍ ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ കടന്നുപോയത് ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് പൊലീസുകാര്‍ പറയുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കോംപൗണ്ടിലെ ടേസ്റ്റി ഹട്ട് ഹോട്ടല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ മാര്‍ച്ച്. മേയര്‍ അഡ്വ ടി ഒ മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ ഉപരോധിച്ചിരുന്നു. കോര്‍പ്പറേഷന്‍ ഓഫീസ് പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫീസിലേക്കെത്തിയ മേയറെ എട്ടോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞിരുന്നത്.

ഇതിനിടെ സമരക്കാരും പൊലീസും തമ്മില്‍ ഏറെ നേരം പിടിവലി നടന്നിരുന്നു. ടൗണ്‍ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് സംഘര്‍ഷാവസ്ഥ ശാന്തമാക്കിയത്. 20 മിനിറ്റോളം സമയം കോര്‍പറേഷന്‍ ഓഫീസ് സംഘര്‍ഷാവസ്ഥയിലായിരിക്കെയാണ് ഡി ഐ ജി കടന്ന് പോയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല.

എന്നാല്‍ ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ ആരെന്ന് പരിശോധിച്ചാണ് ഡി ഐ ജി നടപടി സ്വീകരിച്ചത്. സംഘര്‍ഷം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായത് പൊലീസിനുള്ളില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. ഡി ഐ ജിയുടെ ഓഫീസില്‍ എല്ലാവര്‍ക്കും ശിക്ഷയായി ഏഴ് ദിവസം മുഴുവനായി പാറാവ് ഡ്യൂട്ടി നല്‍കിയിരിക്കുകയാണ്. ഇതിനിടെ ശിക്ഷാ നടപടി യൂണിയന്‍ ഇടപെട്ട് ഡ്യൂട്ടി ഒരു ദിവസമായി കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കണ്ണൂരില്‍ ഡി ഐ ജി ആയി ചുമതലയേറ്റ ശേഷം രാഹുല്‍ ആര്‍ നായര്‍ പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആദ്യഘട്ടത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിറന്നാള്‍ ദിനത്തിലും ജീവിതപങ്കാളിയുടെ പിറന്നാള്‍ ദിനത്തിലും വീട്ടിലെ വിശേഷ ദിവസങ്ങളിലും അടിയന്തര ക്രമസമാധാന പ്രശ്‌നം ഇല്ലെങ്കില്‍ അവധി നല്‍കണം എന്ന് ഡി ഐ ജി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കോ വൈദ്യ സഹായം ആവശ്യമുണ്ടെങ്കില്‍ മേലുദ്യോഗസ്ഥര്‍ മാനുഷിക പരിഗണനയോടെ ഇത് ലഭ്യമാക്കണം എന്നും വ്യക്തമാക്കിയിരുന്നു. അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ട സഹായ അഭ്യര്‍ത്ഥനകള്‍ തിരുവനന്തപുരത്തെ പൊലീസ് വെല്‍ഫയര്‍ ബ്യൂറോയിലേക്ക് കാലതാമസം കൂടാതെ അയച്ച് നല്‍കണമെന്നും ഡി ഐ ജി സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications