Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളളക്കെട്ടില്‍ മുങ്ങിയ ജീപ്പില്‍ നിന്നും കെഎസ്ഇബി ജീവനക്കാരെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

തലശേരി: കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാവുന്നു. ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ നേട്ടോട്ടത്തിലാണ് ജില്ലയിലെ അഗ്‌നിശമന സേനാംഗങ്ങള്‍. പാനൂരില്‍ വൈദ്യുതിതൂണില്‍ അറ്റകുറ്റപ്പണി നടത്താനായി പോയ കെ എസ് ഇ ബി ജീവനക്കാരുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിക്കാണ്‌സംഭവം. സംഭവ സ്ഥലത്ത് വൈദ്യുതി പുനസ്ഥാപിക്കാന്‍ പാനൂര്‍ കെ എസ് ഇ ബി ഓഫീസില്‍ നിന്നുമാണ് ജീവനക്കാര്‍ എത്തിയത്. മനയത്ത് വയല്‍ ഭാഗത്ത് എത്തിയപ്പോള്‍ ജീപ്പ് ഒഴുക്കില്‍ പ്പെട്ട് മുന്‍പോട്ട് നീങ്ങുകയും കുഴിയില്‍പ്പെട്ട് ജിപ്പിന്റെ ഒരു വശം ചെരിയുകയുമായിരുന്നു. ഉടന്‍ ഡ്രൈവര്‍ ഡോര്‍ തുറന്ന് നീന്തി രക്ഷപ്പെട്ടു. ഇതിനിടെയില്‍ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന മൂന്ന് ജീവനക്കാരും ജീപ്പിന് മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു.

kannur-flood-

അപകടത്തില്‍ പെട്ട വിവരം ഉടന്‍ തന്നെ പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയും ഉടന്‍ തന്നെ പാനൂരില്‍ നിന്നുമുള്ള അഗ്‌നിശമനാ സേനാംഗങ്ങളെത്തി ഡിങ്കിയിറക്കി സാഹസികമായി ജിപ്പിന് മുകളിലുള്ള ജീവനക്കാരെ രക്ഷപ്പെടുത്തുകയുമായിരുന്നു. കെ. എസ്. ഇ.ബി പാനൂര്‍ സെക്ഷന്‍ ഓവര്‍സിയര്‍ ബിജേഷ്, ലൈന്‍മാന്‍ അശോകന്‍, വര്‍ക്കര്‍ അനീഷ് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.

ദിവസങ്ങളായി തോരാതെ പെയ്തുകൊണ്ടിരിക്കുന്ന അതിതീവ്ര മഴയില്‍ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ടായിട്ടുണ്ട്. മലയോര മേഖലയിലെ പാലങ്ങളും നിരവധി കൃഷിയിടങ്ങളും വെള്ളത്തിലായി. വീട്ടുമതിലുകള്‍ ഇടിയുകയും മരംവീണും മറ്റും വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു.

കര്‍ണാടക വനമേഖലകളില്‍ ഉണ്ടായ അതിതീവ്ര മഴയില്‍ ഉരുള്‍പൊട്ടല്‍ സമാനമായി ഉണ്ടായ മലവെള്ളപ്പാച്ചലില്‍ ഉളിക്കല്‍ മേഖലയിലെ മണിക്കടവ് നുച്യാട് പുഴ കരകവിഞ്ഞു. മണിക്കടവ് ചപ്പാത്ത് പാലവും വട്ട്യാംതോട്, വയത്തൂര്‍ പാലങ്ങളും വെള്ളത്തിനടിയിലായി. പാലപ്പുഴ പാലം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നു ആറളം ഫാം പാലപ്പുഴ റൂട്ടില്‍ ഗതാഗതം നിലച്ചു. ഫാമും ആറളം വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന ചെന്തോട് പാലത്തിന്റെ സമാന്തരപാതയ്ക്ക് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകി യതിനെത്തുടര്‍ന്ന് ആറളം മണത്തണ മലയോര ഹൈവേയിലും ഗതാഗതം തടസ്സപ്പെട്ടു.

ഉളിയില്‍ തോട് കവിഞ്ഞൊഴുകി സ്‌കൂള്‍ മുറ്റം വെള്ളത്തിലായതിനെത്തുടര്‍ന്ന് ഉളിയില്‍ ഗവ യുപി സ്‌കൂളിന് വ്യാഴാഴ്ച അവധി നല്‍കി. ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാലപ്പുഴ പാലവും ചെന്തോട് പാലത്തിന്റെ സമാന്തര പാതയും കരകവിഞ്ഞത്. കര്‍ണ്ണാടക വനമേഖലയില്‍ പെയ്യുന്ന കനത്ത മഴയില്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ ബാരാപ്പുഴയിലും ജനനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

കൂട്ടുപുഴ പേരട്ടയില്‍ മരം കടപുഴകി ജൂമാ മജ്സിദിനു മുകളിലേക്ക് വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണു. ഇവിടെ അഞ്ചോളം 5 വൈദ്യുതി തൂണുകള്‍ നിലംപൊത്തുകയും പേരട്ട മട്ടിണി റോഡില്‍ ഗതാഗതവും നിലച്ചു. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞതോടെ ആറളം ഫാം പ്രധാന ഓഫിസിനു സമീപത്തെ തെങ്ങിന്‍ തോട്ടത്തില്‍ വെള്ളം കയറി. ആറളം വന്യജീവി സങ്കേതത്തിലെ വളയംചാല്‍ ഓഫിസ് പരിസരവും വെള്ളത്തിലായി.

ആറളം ഒടാക്കലില്‍ ബാബു തറപ്പേലിന്റെ വീടിന് മുകളിലേക്ക് മരം വീണു. വീടിന് കേടുപാടുകള്‍ സംഭവിച്ചു. അയ്യന്‍കുന്നില്‍ ചരള്‍ അങ്കണവാടിയുടെ മതില്‍ ഇടിഞ്ഞു. രണ്ടാംകടവ് വാളത്തോട് പഴനിലത്ത് ബിനീഷിന്റെ വീട് പിറകുവശത്തെ മണ്‍തിട്ട ഇടിഞ്ഞു വീണ് വീട് അപകടത്തിലായി. പായത്തും നിരവധിയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഉളിക്കല്‍ പഞ്ചായത്ത് അംഗം ബിജു വെങ്ങനപ്പള്ളിയുടെ വീട്ടുമതില്‍ തകര്‍ന്നു. പടിയൂര്‍ പുലിക്കാട് മണിയാലില്‍ രാജന്റെ വീടിനു പിറകിലെ മതില്‍ ഇടിഞ്ഞു വൈദ്യുതി തൂണ്‍ അപകടത്തിലായി. വീട് ഭീഷണിയിലാണ്.

പുന്നാട് ചെമ്പോറ സ്വദേശി രാജീവന്റെ വീട്ടുമതില്‍ ഇടിഞ്ഞു വീണു. മതിലിന്റെ കല്ലും മണ്ണും വീണ് മതിലിനോട് ചേര്‍ന്ന് തോടുകണക്കെ ഒഴുകിയിരുന്ന വെള്ളം സമീപവാസിയായ ലക്ഷ്മി അമ്മയുടെ പറമ്പിലേക്ക് ഒഴുകി വീട്ടുമുറ്റവും പറമ്പും നിറഞ്ഞു കവിഞ്ഞു.

ഇരിട്ടി ഐ ബിക്കു സമീപം കോണ്‍ക്രീറ്റ് റോഡിന്റെ സംരക്ഷണ ഭിത്തി 3 മീറ്ററോളം ഉയരത്തിലും വീതിയിലും ഇടിഞ്ഞു. അടിവശത്ത് മണ്ണ് ഇടിഞ്ഞുപോയ നിലയില്‍ റോഡ് അപകടത്തിലാണ്.

ഉളിയില്‍ മേഖലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഉളിയില്‍ പാച്ചിലാളം, ഉളിയില്‍ മുല്ലേരിക്കണ്ടി കല്ലേരിക്കല്‍ റോഡുകള്‍ വെള്ളത്തിനടിയിലാണ്. പാച്ചിലാളം റോഡ് മണ്ണിടിച്ചില്‍ മൂലം വന്‍ അപകട ഭീഷണിയിലാണ്. തോട് കടന്നു പോകുന്ന സമീപത്തെ പറമ്പുകളിലെല്ലാം വെള്ളം കയറി കൃഷിനാശം ഉണ്ടായി. കുന്നിന്‍കീഴില്‍ അത്തപുഞ്ച റോഡ്, പാലത്തിന് സമീപം പൂര്‍ണമായും വെള്ളത്തിലായി ഈ ഭാഗത്ത് വയല്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. കൃഷിയും നാശത്തിലാണ്.

കാലാങ്കിയില്‍ ഓരത്തേല്‍ ജോര്‍ജിന്റെ വീടിനു മുകളില്‍ മരം വീണു കേടുപാട് സംഭവിച്ചു. കാലാങ്കി പഴയ പള്ളി ഗ്രൗണ്ടില്‍ പണിത സ്റ്റേജിന്റെ ഒരു ഭാഗവും മതില്‍ക്കെട്ടും 15 മീറ്ററോളം ഇടിഞ്ഞു. 3 മീറ്റര്‍ ഉരത്തിലുള്ള കെട്ടാണ് ഇടിഞ്ഞത്. പടിയൂരില്‍ കല്യാട് സ്വദേശി കരുവന്‍ വിശ്വനാഥന്റെ കൃഷിയിടത്തില്‍ ഭൂമി അഞ്ച് മീറ്ററോളം താഴ്ന്ന് കുളം രൂപപ്പെട്ടു. തില്ലങ്കേരി വാഴക്കാല്‍, തെക്കം പൊയില്‍, നെല്യാട്ടേരി പ്രദേശങ്ങളിലും വെള്ളം കയറി കൃഷിനാശമുണ്ടായി. ആറളം ചെടിക്കുളത്ത് പെരുന്തേയില്‍ മറിയത്തിന്റെ വീട്ടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു.

തില്ലങ്കേരി- ഉരുവച്ചാല്‍ റോഡില്‍ ആലാച്ചിയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുണതപിച്ചു. വൈദ്യുതി, കേബിള്‍ ബന്ധങ്ങളും താറുമാറായി. പെരുവംപറമ്പില്‍ പഴശ്ശി സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മത്സ്യക്കൂടുകൃഷിയുടെ കൂടുകള്‍ പഴുകിപ്പോയി . ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കീഴൂര്‍ സ്വദേശി സുധീറിന്റെ വീടിനു മുകളില്‍ കമുക് പൊട്ടിവീണ് ഓടിട്ട മേല്‍പ്പുര തകര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+