ജനകീയ പ്രതിഷേധം ഫലം കണ്ടു; കാട്ടാന ചവിട്ടിക്കൊന്ന കര്‍ഷകന്റെ കുടുംബത്തിന് അഞ്ച് ലക്ഷം കൈമാറി
ഇരിട്ടി: ഉളിക്കലില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയത് വണ്ടിച്ചെക്കാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ പണം അക്കൗണ്ടിലിട്ട് സര്‍ക്കാര്‍ തടിയൂരി. ഉളിക്കലില്‍ ആന ചവിട്ടി കൊന്ന ആത്രശ്ശേരി ജോസെന്ന കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ അഞ്ചു ലക്ഷം രൂപയുടെ ചെക്കാണ് മാറാനാവാതെ മടങ്ങിയത്. ജോസിന്റെ കുടുംബം 52 ദിവസം കഴിഞ്ഞിട്ടും അഞ്ചു പൈസ പോലും ലഭിക്കാതെ നിരാശ്രയരായി നില്‍ക്കുന്ന സാഹചര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായി മാറിയിരുന്നു.
ജോസിന്റെ വിധവ ആലീസ് ട്രഷറിയില്‍ പല തവണ ചെക്കുമെടുത്ത് പോയിരുന്നുവെങ്കിലും പണമില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. വനം വകുപ്പാണ് ഇതിനായി പണം ട്രഷറിയില്‍ കൈമാറേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലാത്തത് കൊണ്ടാണ് ചെക്ക് മാറാന്‍ കഴിയാത്തതെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. ഇതോടെയാണ് കര്‍ഷകന്റെ കുടുംബത്തിന് നീതി നല്‍കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ മലയോരത്ത് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 11 നാണ് വനാതിര്‍ത്തിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരെയുള്ള ഉളിക്കല്‍ ടൗണില്‍ എത്തിയ ഒറ്റയാന്‍ ജോസിനെ ചവിട്ടിക്കൊല്ലുന്നത്. ജോസ് വീട്ടിലെത്താത്തതിനെ തുടര്‍ന്നുള്ള തിരച്ചിലില്‍ ആണ് 12 ന് ജോസിന്റെ മൃതദേഹം മാര്‍ക്കറ്റിന് സമീപത്തെ കുറ്റികാട്ടില്‍ നിന്നും കണ്ടെടുക്കുന്നത്. ജോസ് മരിച്ച് ഏഴാമത്തെ ദിവസം ഉദ്യോഗസ്ഥര്‍ ഏറെ കൊട്ടിഘോഷിച്ചുകൊണ്ടാണ് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
നവകേരള സദസില്‍ കര്‍ഷകനോടുള്ള സര്‍ക്കാരിന്റെ കരുതലായും പ്രസംഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം എടുത്ത് പറഞ്ഞിരുന്നു. ചെക്ക് ഗ്രാമീണ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച ആലീസ് രണ്ട് തവണ ബാങ്കില്‍ എത്തി അന്വേഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. ചെക്ക് കൈമാറി 52 ദിവസം പിന്നിട്ടിട്ടും അഞ്ച് പൈസ ലഭിച്ചിട്ടില്ലെന്ന് ജോസിന്റെ വിധവ ആലീസ് പറഞ്ഞു.
നാലുമാസമായി പെന്‍ഷനും ലഭിക്കാതായതോടെ തനിച്ച് താമസിച്ചിരുന്ന ആലീസ് ഇപ്പോള്‍ എടൂരില്‍ താമസിക്കുന്ന മകള്‍ക്ക് ഒപ്പമാണ് താമസം. തനിച്ചു നില്‍ക്കാന്‍ കഴിയാത്ത സഹചര്യത്തിലാണ് മകള്‍ക്ക് ഒപ്പം താമസം മാറിയതെന്ന് ആലീസ് പറഞ്ഞു. ട്രഷറിയില്‍ പണമില്ലാത്തത് കൊണ്ടാണ് ചെക്ക് മാറാന്‍ കഴിയാഞ്ഞതെന്നാണ് ഫോറസ്‌റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്നുണ്ടായ നിയന്ത്രണത്തിന്റെ ഭാഗമായാണ് പണം നല്‍കാതെ തടഞ്ഞു വെച്ചത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ മറ്റെല്ലാ ഇടപാടുകളും നടക്കുമ്പോള്‍ സാധാരണക്കാരിയായ വിധവയ്ക്ക് ലഭിക്കേണ്ട ധനസഹായം ലഭിക്കാന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധസമരം ആരംഭിച്ചിരുന്നു.












Click it and Unblock the Notifications