പ്രളയത്തിലെ കേടുപാടുകള്‍ പരിഹരിച്ചു: പഴശ്ശി പദ്ധതി പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകി
കണ്ണൂർ: പഴശ്ശി ഡാം മുതല്‍ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി വെള്ളം ഒഴുക്കിവിടുന്നതിനുള ട്രയല്‍ റണ്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷൻ ഓഫിസിന്റെ ഉദ്ഘാടനവും ഹെഡ്ക്വാർട്ടേഴ്സ് സെക്ഷൻ പുതിയ ഓഫിസ് ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകുന്നത്.
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ് പഴശ്ശി പദ്ധതി. 46 കിലോ മീറ്റർ നീളമുള്ള മെയിൻ കനാലും ആറ് ബ്രാഞ്ച് കനാലും ഉൾപ്പെടെ ആകെ 440 കിലോ മീറ്റർ ദൈർഘ്യമുള്ള കനാൽ ശൃംഖലയും ഡാമും ഉൾപ്പെട്ട പദ്ധതി 1998ലാണ് പൂർണമായി കമ്മീഷൻ ചെയ്യപ്പെട്ടത്. ഡാം ഷട്ടറുകളുടെയും കനാലുകളുടെയും ചോർച്ച മൂലം റിസർവോയറിന് പൂർണ സംഭരണ ശേഷി ആർജിക്കാൻ സാധിച്ചില്ല. ഇതുമൂലം കാര്യക്ഷമമായ ജലവിതരണം നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല. 2008ലാണ് അവസാനമായി ജലവിതരണം നടന്നത്.

2012ലെ മിന്നൽ പ്രളയത്തിൽ ഡാം കര കവിഞ്ഞ് അധികജലം മെയിൻ കനാലിലൂടെ ഒഴുകിയതു മൂലം ഡാമിന്റെ ഘടനയ്ക്ക് സാരമായ കേടുപാടുണ്ടായി. മെയിൻ കനാലിൽ രണ്ടിടത്ത് ഭീമമായ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. 2018ലെ വെള്ളപ്പൊക്കത്തിൽ കനാലുകളിൽ കൂടുതൽ സ്ഥലങ്ങളിൽ ചോർച്ച രൂപപ്പെട്ടു. 2019ലെ വെള്ളപ്പൊക്കത്തിൽ രണ്ടിടത്ത് വീണ്ടും വിള്ളലുണ്ടായി. ടണൽ ചെളി മൂടി അടയപ്പെടുകയും ചെയ്തു.
ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ ഡ്രിപ് പദ്ധതിയിലൂടെ ഡാമിലെ കേടുപാടുകൾ പൂർണമായി പരിഹരിച്ച് പൂർണ സംഭരണ ശേഷിയിൽ വെള്ളം സംഭരിക്കാനുള്ള ശേഷി ആർജിച്ചിട്ടുണ്ട്. ഈ പ്രവൃത്തി 6.76 കോടി രൂപ ചെലവിൽ 2018ൽ പൂർത്തീകരിച്ചു. 2018ലെ വെള്ളപ്പൊക്കത്തിലുണ്ടായ കെടുതികൾ 17.1599 കോടി രൂപ ചെലവിൽ എസ്ഡിആർഎഫ് സ്‌കീം മുഖേന പൂർത്തീകരിച്ചുവരുന്നു. 93 പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതിൽ 81 പ്രവൃത്തികൾ പൂർത്തീകരിച്ചു. 12.44 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
2019ലെ വെള്ളപ്പൊക്കത്തിൽ മെയിൻ കനാലിലെ അണ്ടർ ടണൽ, 110 കിലോ മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി എന്നിവ തകർന്നത് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ പുനരുദ്ധരിച്ചുവരികയാണ്. ഈ പ്രവൃത്തി 82 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പൂർത്തീകരണ കാലാവധി 2022 മെയ് 31 വരെയാണ്.
നിലവിൽ ലഭ്യമായ ഫണ്ടുപയോഗിച്ച് 46 കിലോമീറ്റർ വരുന്ന പ്രധാന കനാലും 23 കി.മീ വരുന്ന മാഹി ഉപകനാലും ഉപയോഗ യോഗ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. ഡാമിൽ നിന്നു 300 മീറ്റർ അകലെയും 1.3 കിലോമീറ്ററിലുമുണ്ടായ തകർച്ച പരിഹരിച്ചു. അരികു കെട്ടി ബലപ്പെടുത്തിയും കോൺക്രീറ്റ് ചെയ്തുമാണ് കനാൽ നവീകരിച്ചത്. മെയിൻ കനാലിന്റെ രണ്ടു കിലോമീറ്റർ മുതൽ 3.4 കിലോമീറ്റർ വരെയുള്ള 1.4 കിലോമീറ്റർ നീളമുള്ള തുരങ്കവും മണ്ണ് നീക്കി വെള്ളമൊഴുകാൻ സജ്ജമാക്കി.
മാഹി ബ്രാഞ്ച് കനാലിൽ നിന്നും കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി നഗരസഭകളിലുമായി 2476 ഹെക്ടർ നിലവും മെയിൻ കനാലിൽ നിന്നും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ, നഗരസഭകളിലും കീഴല്ലൂർ, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റിയാട്ടൂർ, മയ്യിൽ, കൊളച്ചേരി എന്നീ പഞ്ചായത്തുകളിലുമായി 569 ഹെക്ടർ നിലവും ജലസേചന യോഗ്യമാക്കും.












Click it and Unblock the Notifications