കരിമണൽ പാറയിൽ വീണ്ടും അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി; കാട്ടു പൂച്ചയുടേതെന്ന് സംശയം
തളിപറമ്പ്: പെരിങ്ങോം-വയക്കര പഞ്ചായത്തിലെ കക്കറ കരിമണൽ പാറയിൽ തിങ്കളാഴ്ച്ചയും പുലിയുടെതെന്ന് കരുതുന്ന കാൽപ്പാടുകൾ പ്രദേശവാസികൾ കണ്ടെത്തി. രാവിലെ വയക്കര സ്‌കൂൾ ഗ്രൗണ്ടിൽ കായിക പരിശീലനത്തിനെത്തിയവരാണ് ഇവിടെ പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ടെത്തിയത്. എന്നാൽ ഇതു പുലിയുടെതല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
കാട്ടു പൂച്ചയുടെതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഓരോ കാൽപ്പാടുകൾക്കും 40 സെന്റിമീറ്ററോളം അകലമുള്ളതാണ് പുലിയല്ലെന്ന സംശയത്തിന് ഇടയാക്കിയത്. പുലിയാണോയെന്ന് കണ്ടെത്താൻ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും കുടുങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ പുലിയുടെ സഞ്ചാരദിശയിൽ കൂടുകൾ സ്ഥാപിക്കുന്നതിനെ കുറിച്ചു ഇപ്പോൾ ആലോചിക്കുന്നില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

പെരിങ്ങോം - വയക്കര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കരിമണല്‍പ്പാറയിലാണ് വളര്‍ത്ത് നായയുടെ ജഡം പാതി തിന്ന നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പ്രദേശവാസിയായ ഇ. ജനാര്‍ദ്ദനന്റെ വളര്‍ത്ത് നായയെ ഞായറാഴ്ച്ച നേരം വെളുത്തപ്പോള്‍ കാണാനില്ലായിരുന്നു. ഇയാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഫോറസ്‌റ്റ് സ്റ്റേഷന്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായയുടെ കാലും, തലയും മാത്രം ബാക്കിയുള്ള ജഡം കണ്ടെത്തിയത്.
ഇവിടെ നിര്‍മാണത്തിലിരിക്കുന്ന വീട് പരിസരം പരിശോധിച്ചപ്പോള്‍ പുലിയുടേത് എന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കാണുകയായിരുന്നു. ഇതേ തുടർന്ന് ക്യാമറ സ്ഥാപിച്ച് കൂടുതല്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
നാട്ടുകാര്‍ക്ക് ജാഗ്രത നിര്‍ദേശവും നൽകിയിരുന്നു.. ചെങ്കല്‍പ്പാറയും കുറ്റിക്കാടുകളും നിറഞ്ഞതാണ് ഈ പ്രദേശം. മൂന്നാഴ്ച്ചകള്‍ക്ക് മുമ്പ് തളിപ്പറമ്പ് നഗരസഭയിലെ കണികുന്നില്‍ ഒരു വീട്ടമ്മ പുലിയെ കണ്ട വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോള്‍ കണികുന്നില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയും കാടിളക്കി പരിശോധന നടത്തിയിട്ടും പുലിയെ കണ്ടെത്താനായില്ല. എന്നാലും പ്രദേശവാസികളുടെ ഭീതി മാറിയിരുന്നില്ല. ഇതിനിടയിലാണ് പെരിങ്ങോത്തെ പുലി സാന്നിധ്യം വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതുകാരണം പ്രദേശവാസികൾ ഭീതിയിലാണ്. റബ്ബർ ടാപ്പിങ്ങിനായി പോകുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് പെരിങ്ങോം - വയക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി. ഉണ്ണികൃഷ്ണൻ മുന്നറിയിപ്പു നൽകി.












Click it and Unblock the Notifications