കൊട്ടിയൂര്‍ ചാപ്പമലയിലിറങ്ങിയ കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയുമായി വനംവകുപ്പ്
കേളകം: കൊട്ടിയൂര്‍ ചാപ്പമലയിലെ കടുവയെ കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ്. ഇവിടെ പരിശോധനയും ഊർജ്തമാക്കി. വനപാലകരും പഞ്ചായത്ത് പ്രസിഡന്റുമായ റോയി നമ്പുടാകത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. കടുവയുടെതെന്ന് കരുതുന്ന ജീവിയുടെ കാല്‍പാടുകളും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയൂരിലെ ചപ്പമലയില്‍ ജനവാസ മേഖലയിലറങ്ങിയ മൂന്ന് കടുവകളെ കണ്ടതായ പ്രദേശവാസിയായ സ്ത്രീയുടെ മൊഴി വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കടുവയെ കുറിച്ചെന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് കാഞ്ചനയെന്ന നാട്ടുകാരിയാണ് രണ്ട് വലിയ കടുവകളെയും ഒരു ചെറിയ കടുവയെയും കണ്ടതായി അറിയിച്ചത്. ചപ്പമല-37-ാം മൈല്‍ റോഡ് കടന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവകളെ കണ്ടെതെന്നാണ് കാഞ്ചന പറഞ്ഞത്.
കൃഷിയിടത്തിന് സമീപത്തെ കോണ്‍ക്രീറ്റ് റോഡില്‍ നിന്ന് ഇവര്‍ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.വിവരം അറിഞ്ഞ് എത്തിയ എസ് എഫ് ഒ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. അതേസമയം കാഞ്ചന കണ്ടത് കടുവകളെ തന്നെയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് നിന്ന് വന്യജീവികളുടെ കാല്‍പ്പാടുകളും കാഷ്ടവും കണ്ടെത്തിയിട്ടുണ്ട്. ജനവാസ മേഖലയില്‍ വന്യജീവികളുടെ സാന്നിധ്യം പ്രദേശ വാസികളെ ആശങ്കയിലാക്കി. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന് സമീപം കര്‍ണാടക വനമേഖലയാണ്. ഇവിടെ നിന്നും കടുവയിറങ്ങിയതാവാമെന്നാണ് പ്രദേശവാസികള്‍ പറയുന്നു.മേഖലയില്‍ രാത്രികാല പട്രോളിങും ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ കാട്ടാനയുടെ ശല്യവും ഈ മേഖലയില്‍ അതിരൂക്ഷമായിരുന്നു. പയ്യാവൂര്‍ മേഖലയില്‍ കണ്ടെത്തിയ പുലിയും ആറളം ഫാം മേഖലയില്‍ ആഴ്ച്ചകളോളം തമ്പടിച്ചതിനു ശേഷമാണ് കര്‍ണാടക വനത്തിലേക്ക് കടന്നു പോയത്.കാട്ടാന ആക്രമത്തില്‍ ആറളത്തും മലയോര പ്രദേശങ്ങളിലും ഇതുവരെയായി പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഫാം തൊഴിലാളികളുമുണ്ട്. കാട്ടാനശല്യം കാരണം ഏക്കര്‍കണക്കിന് കൃഷിസ്ഥലമാണ് ആറളത്ത് തരിശായി കിടക്കുന്നത്.ചപ്പമലയില്‍ കടുവകളെ കണ്ട സാഹചര്യത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും പൊലിസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications