പയ്യന്നൂരില്‍ പൊലിസിനെ ആക്രമിച്ച മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട നാലുപേര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: പയ്യന്നൂരില്‍ നിരവധി കേസുകളില പ്രതികളായ മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘം കണ്ണൂര്‍ ടൗണ്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായി. എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൊതുവാച്ചേരി ഭാസ്‌കരന്‍ കടയ്ക്കു സമീപം രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എടക്കാട് പൊലിസിന്റെ ജീപ്പിനുനേരെ ബിയര്‍ കുപ്പി എറിയുകയും വടിവാള്‍ വീശുകയും പൊലിസുകാരെ ആക്രമിക്കുകയും ചെയ്ത ക്വട്ടേഷന്‍ സംഘത്തെയാണ് പയ്യന്നൂരിലെ ലോഡ്ജില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹന്റെ നേതൃത്വത്തില്‍ പൊലിസ് സാഹസികമായി പിടികൂടിയത്.
നിരവധി കേസുകളിലെ പ്രതികളായ പൊതുവാച്ചേരിയിലെ പട്ടേറത്ത് റഹീം (32) ഇയാളുടെ സംഘത്തില്‍ ഒളവണ്ണയിലെ നവീന്‍ എന്ന ബോണി (34) കണ്ണൂര്‍ സിറ്റി സ്വദേശിയായ തയ്യിലിലെ ഷാനിദ് (33), കോഴിക്കോട് കോട്ടുളി സ്വദേശി നിഥിന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ചക്കരക്കല്‍ സിഐ ശ്രീജിത്ത് കോടെരിയാണ് നാലുപേരുടയും അറസ്റ്റു രേഖപ്പെടുത്തിയത്. റഹിമിന്റെ അനുജന്‍ മുനീറും ഇവര്‍ക്കൊപ്പം പിടിയിലായിരുന്നുവെങ്കിലും ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് മറ്റൊരു വാറന്‍ഡ് പ്രകാരം അറസ്റ്റു ചെയ്തിട്ടുണ്ട്.

കാപ്പ കേസില്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് ക്വട്ടേഷന്‍ നേതാവാണ് റഹീമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പൊതുവാച്ചേരിയിലെ റഹീമിന്റെ വീട്ടു പരിസരത്ത് വെച്ചു റഹീമും ഇയാള്‍ നിയോഗിച്ച ക്വട്ടേഷന്‍ ടീമും പൊലിസ് വാഹനത്തെ അക്രമിച്ചത്. എടക്കാട് സ്റ്റേഷനിലെ പൊലീസുകാരായ ലവന്‍, അനില്‍, അജേഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
പൊലിസ് ജീപ്പിന്റെ ചില്ലു തകര്‍ക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റഹീമിന്റെ വീട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം നേരത്തെ കണ്ടുകെട്ടിയതാണ്. പൊതുവാച്ചേരിയിലെ ഇതേ വീട്ടില്‍ വീണ്ടും റഹീമിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലിസ് രാത്രികാല പട്രോളിങിന്റെ ഭാഗമായി ഇവിടെ നിരീക്ഷണത്തിനെത്തിയതായിരുന്നു.
കര്‍ണാടക രജിസ്‌ട്രേഷനുള്ള കാറിലെത്തി റഹിമും കൂട്ടാളികളും പൊലീസിനെ അക്രമിക്കുകയായിരുന്നു. കണ്ണൂര്‍ എസിപി ടി.കെ രത്‌ന കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകം സംഘം രൂപീകരിച്ചാണ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിച്ചിരുന്നത്. കണ്ണൂര്‍ ടൗണ്‍ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് പയ്യന്നുരില്‍ പ്രതികളെ അറസ്റ്റു ചെയ്തത്. റഹിമിനും കൂട്ടാളി നവീനുമെതിരെ നിലവില്‍ കാപ്പ കേസുണ്ട്.
23 കേസുകളില്‍ പ്രതിയാണ് റഹീമമെന്നും ഇയാള്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കു നേതൃത്വം നല്‍കിവരികയാണെന്നും പൊലിസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications