കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള സൗജന്യപാര്‍ക്കിങ് ഒഴിവാക്കി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കികൊണ്ടുളള പരിഷ്‌കരണം മാര്‍ച്ച് 31-ന് രാത്രി പന്ത്രണ്ടുമണിയോടെ നിലവില്‍ വരുമെന്ന് കിയാല്‍ എംഡി വിമാനത്താവളത്തില്‍ അറിയിച്ചു. 2025- മാര്‍ച്ച് വരെയാണ് പുതിയ പരിഷ്‌കരണം നടപ്പില്‍ വരുത്തുക.
വാഹനങ്ങള്‍ ടോള്‍ ബൂത്ത് കടന്ന് അകത്തേക്ക് കടന്നതിനുശേഷമുളള പതിനഞ്ച് മിനുറ്റ് പാര്‍ക്കിങാണ് ഒഴിവാക്കിയത്. ഇരുചക്രവാഹനങ്ങള്‍ രണ്ടുമണിക്കൂര്‍ വരെ പാര്‍ക്ക് ചെയ്യുന്നതിന് പതിനഞ്ച് രൂപയും പിന്നീടുളള ഓരോമണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് പത്തുരൂപയും ഈടാക്കും.

ഓട്ടോറിക്ഷകള്‍ ആദ്യരണ്ടു മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് 20-രൂപയും പിന്നീടുളള ഓരോമണിക്കൂറിനും പത്തുരൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുകയെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.കാര്‍, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറില്‍ 100 രൂപയും തുടര്‍ന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതല്‍ ഈടാക്കുന്നത്.
ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണമെന്നും കിയാല്‍ എംഡി അറിയിച്ചു. സംഭവത്തില്‍ അതിശക്തമായ പ്രതിഷേധം യാത്രക്കാരില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. വിവിധ സംഘടനകള്‍ പ്രതിഷേധ സമരം നടത്തുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അബുദാബി സര്‍വീസ് മേയ് ഒന്‍പതുമുതല്‍ സര്‍വീസ് നടത്താനിരിക്കെയാണ് യാത്രക്കാരുടെ ചൂഷണം ചെയ്യുന്ന വിധത്തില്‍ പാര്‍ക്കിങ് സൗജന്യങ്ങള്‍ ഇല്ലാതാക്കിയെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
സമ്മര്‍ഷെഡ്യൂളില്‍ കണ്ണൂരിനും അബുദാബിക്കും ഇടയില്‍ പ്രതിദിന സര്‍വീസാണ് ഇന്‍ഡിഗോ നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 14664 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.ആദ്യമായാണ് ഇന്‍ഡിഗോ കണ്ണൂരില്‍ നിന്ന് അബുദാബി സര്‍വീസ് നടത്തുന്നത്. ഇതോടെ ഇന്‍ഡിഗോക്ക് കണ്ണൂരില്‍ നിന്ന് രണ്ട് രാജ്യാന്തര സര്‍വീസുകളായി.നിലവില്‍ ദോഹ വിമാന താവളത്തിലേക്കാണ് ഇന്‍ഡിഗോ രാജ്യാന്തര സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications