കടിഞ്ഞാണില്ലാതെ ഇന്ധനക്കടത്ത്; കണ്ണൂരില്‍ പെട്രോള്‍ പമ്പുകൾ അടച്ചുപൂട്ടലിന്റെ വക്കില്‍
തലശേരി: കരിഞ്ചന്തയിൽ കണ്ണൂരിൽ പെട്രോൾ ,ഡീസൽ വിൽപന തകൃതി. മാഹിയില്‍ നിന്നും മംഗളൂരുവില്‍ നിന്നും എത്തിച്ചാണ് ഇത്തരത്തിൽ വിൽപ്പന നടത്തുന്നത്. ഇന്ധനക്കടത്ത് തടയാന്‍ പോലീസ് ഇടപെട്ടില്ലെങ്കിൽ മുന്‍പോട്ടു പോകാന്‍ കഴിയില്ലെന്ന് കണ്ണൂരിലെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ പറഞ്ഞു.
കേരളത്തെ അപേക്ഷിച്ച് ഡീസലിന് 13.56 രൂപ കുറവാണ് മാഹിയില്‍. ഇതാണ് തലശേരിയിൽ എത്തിക്കുന്നത്. മാഹിയില്‍ മാത്രമല്ല കര്‍ണാടകയിലും ഇന്ധനവില കുറവാണ്. പതിനാല് രൂപയാണ് കേരളവുമായി അതിര്‍ത്തി പങ്കെടുന്ന കര്‍ണാടകയില്‍ ഇന്ധനത്തിനുളള കുറവ്. ഇതോടെയാണ് കൊളളലാഭം കൊയ്യുന്നതിനയി മാഹിയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലൂടെ ടാങ്കര്‍ ലോറികളിലും മറ്റും ഇന്ധനക്കടത്ത് വ്യാപമാക്കിയത്. മാഹിയിലെ ചില പെട്രോള്‍ പമ്പുകാരും ഇതിന് കൂട്ടുനിൽക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ കലക്ടറേറ്റ് മാര്‍ച്ചുള്‍പ്പെടെ കണ്ണൂരിലെ പെട്രോള്‍ പമ്പ് ഉടമകള്‍ നടത്തിയിരുന്നു.

ജി.എസ്.ടി. എന്‍ഫോഴ്‌സ്മെന്റ് നോര്‍ത്ത് സോണിനു കീഴില്‍ നാലുമാസത്തിനിടെ പിടികൂടിയത് 30,000 ലിറ്റര്‍ ഡീസലാണ്. പിഴ ഉള്‍പ്പെടെ ഈടാക്കിയത് 31 ലക്ഷം രൂപ. പിടിക്കപ്പെടാതെ പോകുന്ന ഡീസല്‍ക്കടത്ത് ഇതിലുമേറെയാണെന്നാണ് നിഗമനം.മദ്യത്തിന് വില കുറവായതിനാല്‍ മാഹിയില്‍നിന്നുള്ള കടത്ത് കാലങ്ങളായുണ്ട്. ജി.എസ്.ടി. സ്‌ക്വാഡ് പിടികൂടിയ കേസുകളേറെയും മാഹിയില്‍നിന്നുള്ളതാണ്. കൊയിലാണ്ടിയില്‍ അഞ്ച് സംഭവങ്ങളിലായി 18,850 ലിറ്റര്‍ ഡീസല്‍ അടുത്തിടെ പിടികൂടി. മംഗളൂരുവില്‍നിന്ന് കാങ്ങങ്ങാട്ടേക്ക് കടത്തുകയായിരുന്ന 5500 ലിറ്റര്‍ ഡീസല്‍ കാഞ്ഞങ്ങാട്ടും മാഹിയില്‍നിന്ന് കടത്തുന്ന 1800 ലിറ്റര്‍ കോഴിക്കോട്ടും 4000 ലിറ്റര്‍ ഡീസല്‍ തലശ്ശേരിയും പിടിച്ചു. കോഴിയെ കൊണ്ടുപോകുന്ന വണ്ടിയില്‍ രഹസ്യ അറ നിര്‍മിച്ചാണ് ഡീസല്‍ കടത്ത് കൂടുതല്‍. ചെറിയ അളവിലുള്ള കടത്ത് വ്യാപകമാണ്. ഇതുകാരണം സര്‍ക്കാരിന് കനത്ത നികുതി നഷ്ടമാണുണ്ടാകുന്നത്.
വടകരയില്‍ ഡീസലിന് 97.28 രൂപയാണ്. മാഹിയില്‍ 83.72. മംഗളൂരുവില്‍ 83.11 രൂപയുടെയും വ്യത്യാസത്തിലാണ് വില്‍ക്കുന്നത്. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി രണ്ടുരൂപ അധിക സെസ് ഉള്‍പ്പെടെ വന്നതോടെയാണ് വിലവ്യത്യാസം വര്‍ധിച്ചത്. ഇതോടെ മാഹിയോടുചേര്‍ന്നുള്ള വടകര, നാദാപുരം, കുറ്റ്യാടി, തലശ്ശേരി, കണ്ണൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ പമ്പുകളില്‍ ഡീസല്‍ വില്‍പ്പന കുത്തനെ കുറഞ്ഞു. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ദേശീയപാത വഴി സഞ്ചരിക്കുന്ന വാഹനങ്ങളെല്ലാം മാഹിയില്‍ നിന്നു മാത്രമേ ഡീസലടിക്കൂവെന്ന് കണ്ണൂരിലെ പെട്രോള്‍ പമ്പുടമകള്‍ പറയുന്നു. 100 ലിറ്റര്‍ അടിച്ചാല്‍ 1300 രൂപയുടെ കുറവാണ് അനുഭവപ്പെടുന്നത്. കന്നാസുകളിലും കാനുകളിലും പെട്രോളും ഡീസലും കൊടുക്കരുതെന്ന് നിയമമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല.












Click it and Unblock the Notifications