10 ലക്ഷം വിറ്റുവരവുമായി ഗദ്ദിക നാടൻ കലാ ഉൽപ്പന്നമേള : ലാഭം പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി
കണ്ണൂർ: കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ഗദ്ദികയെന്നു പേരിൽ നടന്നുവരുന്ന നാടൻ ഉൽപന്ന- കലാപ്രദർശനമേള വൻ വിജയകരമെന്ന് സംഘാടകർ. പട്ടികജാതി - പട്ടികവർഗ വികസന, കിർത്താഡ്സ് വകുപ്പുകൾ കണ്ണൂരിൽ നടത്തിവരുന്ന നാടൻ കലാമേളയും ഉൽപന്ന പ്രദർശന വിപണനമേളയുംആറാം ദിനത്തിലെത്തുമ്പോൾ പത്തുലക്ഷം രൂപയുടെ വിറ്റുവരവുണ്ടായെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗദ്ദികമേള തുടങ്ങിയ ജനുവരി 27ന് രണ്ടു ലക്ഷം രൂപയും രണ്ടാം ദിനം അഞ്ചുലക്ഷം രൂപയും മൂന്നാം ദിനം അഞ്ചുലക്ഷം രൂപയുമാണ് മേളയിൽ നിന്നും സാമ്പത്തിക സമാഹാരണമുണ്ടായത്. കലക്ടറേറ്റ് മൈതാനിയിൽ നടന്ന മേളമുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം വിവിധ നാടൻ കലാരൂപങ്ങളും അരങ്ങേറി. മേളയുടെ സമാപന ദിവസമായ അഞ്ചിന് വൈകുന്നേരം ആറു മണിക്ക് മന്ത്രി എ കെ ബാലൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും.

മികച്ച മാധ്യമ റിപ്പോർട്ടിങ്ങിനുള്ള ഉപഹാരം കലക്ടർ ടിവി സുഭാഷ് പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർക്ക് വിതരണം ചെയ്യും. തുടർന്ന് ഉരുവന കലാസാംസ്കാരിക സമിതി അട്ടപ്പാടി അവതരിപ്പിക്കുന്ന ഇരുളനൃത്തം, പിആർ രമേശൻ അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകൾ, ഭാരത് ഭവന്റെ ജാംബേ മ്യുസിക്ക് ബാൻഡ് എന്നിവ അരങ്ങേറും. മേളയിൽ നിന്നും വിറ്റുവരവുള്ള തുക പങ്കെടുത്തവർക്കായി തന്നെ വിനിയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.












Click it and Unblock the Notifications