ഗഗൻ സംവിധാനം വിജയകരമായി പരീക്ഷിച്ചു, രാജ്യത്ത് ആദ്യം കണ്ണൂർ വിമാനത്താവളത്തിൽ
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളം സാങ്കേതിക വിദ്യയുടെ കൂടുതൽ ഉയരങ്ങളിലേക്ക് 'രാജ്യത്ത് ആദ്യമായി ഉപഗ്രഹ സഹായത്തോടെ വിമാനത്താവളത്തിൽ ഏത് കാലാവസ്ഥയിലും വിമാനമിറങ്ങുന്നതിനുള്ള പരിശോധന വിജയകരമായി നടന്നു.
ഗഗൻ സംവിധാനത്തിലൂടെ വിമാനമിറക്കാനുള്ള പരീക്ഷണപ്പറക്കലാണ് നടത്തിയത്.
രാജ്യത്ത് ആദ്യമായി സംവിധാനം നടപ്പാക്കുന്നത് കണ്ണൂർ വിമാനത്താവളത്തിലാണെന്ന സവിശേഷത കൂടി ഇതിനുണ്ട്. ജി.പി.എസ്. സഹായത്തോടെ ഏത് കാലാവസ്ഥയിലും വിമാനമിറക്കുന്നതിനുള്ള സംവിധാനമാണ് ഗഗൻ.ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങൾക്ക് സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്യുന്നതിന് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കുകയാണ് ഗഗൻ എന്ന ജി.പി.എസ്.എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ വഴി ചെയ്യുന്നത്.

ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് വിമാനം നിയന്ത്രിക്കുക.ഇതുവഴി ഏത് കാലാവസ്ഥയിലും വിമാനം റൺവേയിൽ സുരക്ഷിതമായി ഇറക്കാൻ സാധിക്കും.ഗഗൻ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ പറക്കൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. എയർപോർട്ട് അതോറിറ്റിയുടെ ബീച്ച്ക്രാഫ്റ്റ് വിമാനമാണ് വിമാനത്താവളത്തിൽ രണ്ടു ദിവസത്തെ കാലിബ്രേഷൻ പരിശോധന നടത്തിയത്. അപ്രോച്ച് പ്രൊസീജിയർ കാലിബ്രേഷൻ വെള്ളിയാഴ്ച വൈകീട്ടോടെയാണ് പൂർത്തിയായത്. പരിശോധനയുടെ റിപ്പോർട്ട് ഡി.ജി.സി.എക്ക് കൈമാറും.
രാജ്യത്ത് ആദ്യമായി കണ്ണൂർ വിമാനത്താവളത്തിലാണ് ഈ സംവിധാനം പരീക്ഷിച്ച് നടപ്പാക്കുന്നതെന്ന പ്രേത്യേകതയുമുണ്ട്.ഐ.എസ്.ആർ.ഒ.യും എയർപോർട്ട് അതോറിറ്റിയും ചേർന്ന് 774 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് അനൂപ് കച്ച്റു, സഹ പൈലറ്റ് ശക്തി സിങ്ങ് എന്നിവരാണ് കാലിബ്രേഷൻ വിമാനം പറത്തിയത്. എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരായ ഷംസർ സിങ്ങ് ,എൽ.ഡി. മൊഹന്തി, നവീൻ ദൂദി, ഡി.ജി.സി.എ. ഉദ്യോഗസ്ഥരായ രവീന്ദർ സിങ് ജംവാൾ, വാസു ഗുപ്ത, എ.എം.ഇ. തരുൺ അഹ്ലാവത്ത്, ടെക്നീഷ്യൻ സച്ചിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിയാൽ സി.ഒ.ഒ. എം. സുഭാഷ്, ഓപ്പറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications