ഗോണിക്കുപ്പയിൽ ജ്വല്ലറി ഉടമയെ കൊള്ളയടിച്ച കേസ്: എട്ട് പ്രതികളെയും തിരിച്ചറിഞ്ഞു
ഇരിട്ടി: ഗോണിക്കുപ്പയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിച്ച കേസില്‍ പ്രതികളെ കവര്‍ച്ചയ്ക്കിരയായ പാനൂരിലെ ജ്വല്ലറി ഉടമ തിരിച്ചറിഞ്ഞു. റിമാന്ഡിലായപ്രതികളെ ഇന്നലെ മടിക്കേരി ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയപ്പോഴാണ് കൊള്ളയ്ക്കിരയായ ജ്വല്ലറി ഉടമയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പാനൂര്‍, തലശേരി, മാനന്തവാടി സ്വദേശികളായ പ്രതികളെ തിരിച്ചറിഞ്ഞത്.
പാനൂര്‍ ഭാസ്കര ജ്വല്ലറി ഉടമ ഷബിന് സഞ്ചരിച്ചകാറിന് മുന്പില് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊണ്ടിടിച്ച് വ്യാജവാഹനമുണ്ടാക്കുകയും റോഡില്‍ ബഹളം സൃഷ്ടിക്കുകയും ചെയ്തതിനു ശേഷമാണ് ബിസിനസ് ആവശ്യാര്‍ത്ഥം കരുതിയ രണ്ടര ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തത്.
ഷിബിന്‍വീരാജ് പേട്ട ഡി.വൈ. എസ്.പിക്ക് നല്കിയ പരാതിയെ തുടന്നാണ് ഗോണിക്കുപ്പ പൊലിസ് തലശേരി തിരുവങ്ങാട്, കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ്.ഷെറിന്‍ലാല്‍,അര്ജുന്, ലനേഷ്,പാനൂര്‍ ചമ്പാട്ടെ അക്ഷയ് എന്നിവര്‍ക്കെതിരെകേസെടുത്തത്.മാനന്തവാടി സ്വദേശികളായ ജംഷീര്‍, ജിജോ,, പന്ന്യന്നൂര്‍ സ്വദേശി ആകാശ് എന്നിവരും അറസ്റ്റിലായിരുന്നു.
മടിക്കേരി ജയിലില്‍ നടന്ന തിരിച്ചറിയില്‍ പരേഡില്‍ ജ്വല്ലറി ഉടമ ഷിബിനെ കൂടാതെ സഹോദരന് ജിതിന്, സുഹൃത്തുക്കളായ മുബഷീര്‍, ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു. ജയിലിനുള്ളില്‍ പത്തുപേര്‍ക്കൊപ്പം ഓരോപ്രതിയെയും നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന പാനൂരിലെ ഹോട്ടല്‍ ഉടമയെ പൊലിസ് വീണ്ടും നോട്ടീസ് അയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ഇയാളെ വിട്ടയച്ചിട്ടില്ല. ജ്വല്ലറി ഉടമ ഷിബിന്റെ യാത്രാവിവരങ്ങള്‍, വാഹനത്തിന്റെ നമ്പര്‍ എന്നിവ പ്രതികള്‍ക്ക് രഹസ്യമായി നല്‍കിയത് ഇയാളാണെന്നാണ് പൊലിസ് സംശയിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഇയാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുകയായിരുന്നു. ഇതിനിടെ കൊള്ളസംഘംസഞ്ചരിച്ച രണ്ടുകാറുകളും വാടകയ്ക്കെടുത്തതാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.പ്രതികളുടെ ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ നിന്നും തലശേരി, പാനൂര്‍, മാഹി മേഖലകളിലെ ചില രാഷ്ട്രീയ ബന്ധമുള്ള പ്രമുഖരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക പൊലിസ് ഒരിക്കല്‍ കൂടി തലശേരിയിലെത്തുമെന്നാണ് വിവരം.